അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാം; പുതിയ നിയമം ആവശ്യമില്ല: ആവർത്തിച്ച് കേന്ദ്രമന്ത്രി
Mail This Article
കൽപ്പറ്റ ∙ അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന് ആവർത്തിച്ച് കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ്. വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണു മന്ത്രി സന്ദർശനത്തിനെത്തിയത്. കർണാടകയിലെയും കേരളത്തിലെയും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം ആവർത്തിച്ചത്.
Read Also: ടി.പി. വധത്തിനു പിന്നിലെ മാസ്റ്റർ ബ്രെയിൻ പിണറായി വിജയനാണോ?; മനസ്സു തുറന്ന് കെ.കെ.രമ...
1972ലെ വനം സംരക്ഷണ നിയമം സെക്‌ഷൻ–11 അക്രമകാരികളായ മൃഗങ്ങളെ വെടിവച്ച് കൊല്ലാൻ അധികാരം നൽകുന്നുണ്ട്. അതിനു പുതിയ നിയമനിർമാണത്തിന്റെ ആവശ്യമില്ല. ആ അധികാരം സംസ്ഥാന സർക്കാരിനു കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കുന്നതിന് ഉപയോഗിക്കാം. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് 15.82 കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നിന്ന് സംസ്ഥാന സർക്കാരിന് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുൾപ്പെടെ നഷ്ടപരിഹാരം നൽകാം. നഷ്ടപരിഹാരം നൽകുന്നതിന് സംസ്ഥാന സർക്കാർ സുതാര്യമായ രീതി സ്വീകരിക്കണം. വയനാട്ടിൽ വന്യമൃഗശല്യം മൂലം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. കേരളം, കർണാടക, തമിഴ്നാട് സർക്കാരുകളെ ഏകോപിപ്പിച്ചുകൊണ്ട് കർമ പദ്ധതി തയാറാക്കും. കർണാടക സർക്കാർ വയനാട്ടിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകുന്നതിനെതിരെ കർണാടക ബിജെപി രംഗത്തെത്തിയതിനെക്കറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് ഫോൺ കോളിലൂടെ പോലും അനുമതി നൽകാൻ സാധിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് ജിതേന്ദ്ര കുമാർ പറഞ്ഞു. അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് എസ്.പി.യാദവ്, ജില്ലാ കലക്ടർ രേണുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കേരളത്തിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കേന്ദ്രഫണ്ടിൽ നിന്നും 10 ലക്ഷം രൂപ നൽകാത്തത് എന്ത് : ടി.സിദ്ദിഖ്
വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രഫണ്ടിൽ നിന്നും 10 ലക്ഷം രൂപ നൽകാത്തത് എന്താണെന്ന് സംസ്ഥാന വനംമന്ത്രി വ്യക്തമാക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ. കേന്ദ്രവനംമന്ത്രി ഭൂപേന്ദർ യാദവ് വിളിച്ചുചേർത്ത യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വനംവകുപ്പിന് 15 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഇതിൽ നിന്ന് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വരെ നൽകാം. നിലവിൽ സംസ്ഥാന സർക്കാരിന്റെ 10 ലക്ഷം മാത്രമാണ് നൽകുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ ലഭിക്കേണ്ടതാണ്. മുൻപ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുൾപ്പെടെ ഈ പണം നൽകാൻ സർക്കാർ തയാറാകണം.
കേന്ദ്ര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആശാവഹമായ പുതിയ കാര്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടകാരിയായ വന്യമൃഗങ്ങളെ കൊല്ലാൻ ഡിഎഫ്ഒയ്ക്കോ സിസിഎഫിനോ ഉത്തരവിടാനുള്ള അധികാരം നൽകണമെന്ന് ആവശ്യപ്പെട്ടു. ടൈഗർ റിസർവ് അല്ലെങ്കിലും കടുവകളുടെ ആക്രമണം ഏറ്റവും കൂടുതലുള്ള സ്ഥലമായതിനാൽ ടൈഗർ റിസർവുകൾക്ക് നൽകുന്ന പണം വയനാടിന് ലഭ്യമാക്കണം. വന്യമൃഗ ശല്യം കുറയ്ക്കാൻ കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എണ്ണം പെരുകിയ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാനാവശ്യമായ നിയമഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കൃത്യമായ മറുപടി നൽകാൻ മന്ത്രി തയാറായില്ല. കേരള, കർണാടക, സംസ്ഥാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് വന്യമൃഗ ആക്രമണം തടയാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞത് മാത്രമാണ് ആശ്വാസമെന്നും ടി.സിദ്ദിഖ് പറഞ്ഞു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.