ഉറക്കത്തിനിടെ മുറിയിലെ എസി പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം
Mail This Article
മുംബൈ ∙ ഉറക്കത്തിനിടെ മുറിയിലെ എസി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് 45 വയസ്സുകാരി മരിച്ചു. വിലെപാർലെ ഈസ്റ്റിലെ അമിത് പരിവാർ സൊസൈറ്റിയിലാണ് സംഭവം. ഫ്ലാറ്റിൽ തനിച്ചു താമസിച്ചിരുന്ന സ്വരൂപ ഷാ ആണ് മരിച്ചത്. ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വാതിൽ തകർത്ത് അകത്തു പ്രവേശിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന സ്വരൂപയെ കണ്ടെത്തിയത്.
ഉടൻ തന്നെ കൂപ്പർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ട്. പൊലീസ് അപകടമരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് കാരണമാണ് എസി പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഷോർട്ട് സർക്യൂട്ടിന് സാധ്യത കൂടുതൽ
തണുപ്പുകാലങ്ങളിൽ എസി ഉപയോഗം കുറവായിരിക്കും. ഈ സമയത്ത് എലിയോ പാറ്റയോ മറ്റും എസി യൂണിറ്റിലെ വയർ കരണ്ടിട്ടുണ്ടെങ്കിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ പൊട്ടിത്തെറികളും ഷോർട്ട് സർക്യൂട്ട് കാരണമാണ് സംഭവിക്കുന്നത്. ചൂടുകാലമാകുന്നതിനു മുൻപ് മെക്കാനിക്കിനെ വിളിച്ചു സർവീസ് ചെയ്തതിനു ശേഷം മാത്രം എസി ഉപയോഗിക്കുന്നതാണ് ഉത്തമം.
–കെ.ജെ. ജോർജ്, രാരികോ ഫയർ എൻജിനീയേഴ്സ്, കാന്തിവ്‌ലി