ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തിയത് നേരത്തെ പല ഓപ്പറേഷനും സിപിഎം ഉപയോഗിച്ച വ്യക്തി: എം.ടി.രമേശ്
Mail This Article
കോഴിക്കോട്∙ സിപിഎമ്മിന്റെ കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കിയ സിപിഎം പാർട്ടി ചാനലിന്റെയും നേതാക്കളുടെും പേരിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുമെന്ന് രമേശ് വ്യക്തമാക്കി.
Read more at: സത്യനാഥന്റെ കൊലപാതകം: കൊന്നത് വ്യക്തി വിരോധം മൂലമെന്ന് പ്രതി, ആയുധം കണ്ടെത്തി
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ജനമധ്യത്തിൽവച്ചാണ് കൊലപാതകം നടന്നത്. ആരാണ് കൊന്നതെന്ന് നാട്ടുകാർ മുഴുവൻ കണ്ടതാണ്. എന്നിട്ടും കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് പാർട്ടി ചാനൽ വാർത്ത കൊടുത്തു. തുടർന്ന് സംസ്ഥാന നേതാക്കൾ ഫെയ്സ്ബുക്ക് പോസ്റ്റുകളിട്ടു. സംഭവം നടന്ന് കുറഞ്ഞസമയം കൊണ്ട് കൊലയ്ക്കു പിന്നിൽ ആർഎസ്എസ് ആണെന്ന് പരസ്യമായി പ്രതികരിച്ചു. ഇതേത്തുടർന്ന് കൊലവിളി പ്രകടനങ്ങളും നടത്തി. ഇതിനെല്ലാം കാരണം നേതാക്കളുടെ പരസ്യപ്രതികരണമാണ്. പ്രതി കീഴടങ്ങിയിരുന്നില്ലെങ്കിൽ ജില്ലയിൽ കലാപം ഉണ്ടായേനെയെന്നും രമേശ് പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് അബദ്ധം പറ്റിയതല്ല. ഒരു രക്തസാക്ഷിയെ ഉണ്ടാക്കാൻ ആയിരുന്നു സിപിഎമ്മിന്റെ ശ്രമം. നേരത്തേയും ഇതുപോലെ രക്തസാക്ഷികളെ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. സിപിഎം നേതാക്കളുടെ പേരിൽ കേസ് എടുക്കണം. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. നേരെത്തെയും ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ട്. നാട്ടിൽ സമാധാനം തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും രമേശ് പറഞ്ഞു.
കീഴടങ്ങിയ പ്രതി അഭിലാഷ് നേരത്തെ പല ഓപ്പറേഷനും സിപിഎം ഉപയോഗിച്ച വ്യക്തിയാണ്. ഇപ്പോൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ല എന്നതിന്റെ കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിൽ. യുവമോർച്ച നേതാവിന്റെ വീട് ആക്രമിച്ച കേസിൽ പ്രതിയാണ് അഭിലാഷ് എന്നും എം.ടി.രമേശ് പറഞ്ഞു.