അഭിലാഷ് എത്തിയത് കരുതിക്കൂട്ടി, പിറകിലൂടെ എത്തി വെട്ടിവീഴ്ത്തി; സത്യനാഥന്റെ വിയോഗം വിശ്വസിക്കാനാകാതെ നാട്
Mail This Article
കോഴിക്കോട്∙ സിപിഎം നേതാവ് പി.വി.സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയത് വിശ്വസിക്കാനാകാതെ നാട്. കഴിഞ്ഞ രാത്രി പത്ത് മണിയോടെയാണ് സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥനെ (66) വെട്ടിക്കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിന് സമീപത്തുവച്ചാണ് വെട്ടേറ്റത്.
Read more: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു; പ്രതി മുൻ ബ്രാഞ്ച് കമ്മറ്റി അംഗം: ഹർത്താൽ
സത്യനാഥനെ വെട്ടിയ പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ അണേല മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭാ മുൻ ചെയർപഴ്സന്റെ ഡ്രൈവറുമായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. അഭിലാഷ് സത്യനാഥനെ കൊല്ലാൻ കരുതിക്കൂട്ടിയാണ് എത്തിയത്. ഇതിനായി ഇയാൾ മഴു കരുതിയിരുന്നു. ആൾക്കൂട്ടത്തിൽനിന്ന് മാറി ഗാനമേള കേൾക്കുന്നതിനിടെ അക്രമി പിറകിലൂടെ എത്തി വെട്ടി വീഴ്ത്തുകയായിരുന്നുവെന്നാണ് സമീപത്തുണ്ടായിരുന്നവർ പറഞ്ഞത്. ഗാനമേളയിലെ ശബ്ദംകാരണം അക്രമം നടന്നത് ജനങ്ങൾ പെട്ടെന്ന് അറിഞ്ഞിരുന്നില്ല. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുൻപും നിരവധി ക്രിമിനൽ കേസുകളിലുൾപ്പെടെ അഭിലാഷ് പ്രതിയായിരുന്നു. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് അറിയിച്ചു. കൊയിലാണ്ടിയിലെ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു സത്യനാഥൻ.
രാത്രിയിൽ തന്നെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉൾപ്പെടെയുള്ള നേതാക്കൾ സംഭവ സ്ഥലത്തെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏതെങ്കിലും രാഷ്ട്രീയസംഘടനയ്ക്ക് പങ്കുണ്ടെന്നോ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നോ പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരമേഖലാ ഐജി സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അർധരാത്രിയോടെ സ്ഥലത്തെത്തിയിരുന്നു. സത്യനാഥൻ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.