‘അഭിലാഷിനെ സിപിഎം പുറത്താക്കിയതാണ്; സത്യനാഥന്റെ ജീവനെടുക്കാന്‍മാത്രം വ്യക്തിവൈരാഗ്യം എന്താണെന്നറിയില്ല’
Mail This Article
കോഴിക്കോട് ∙ സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥന്റെ കൊലപാതകം വ്യക്തിവൈരാഗ്യത്തെ തുടർന്നെന്നു പാർട്ടി. പ്രതി അഭിലാഷ് സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട ആളാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. അഭിലാഷിന് 6 വർഷമായി പാർട്ടിയുമായി ബന്ധമില്ല. ക്രിമിനൽ വാസന മനസ്സിലായപ്പോൾ പുറത്താക്കിയെന്നും ജയരാജൻ പറഞ്ഞു.
സത്യനാഥന്റെ ജീവനെടുക്കാന്‍ മാത്രം അഭിലാഷിന് എന്തു വ്യക്തിവൈരാഗ്യമാണ് ഉണ്ടായിരുന്നതെന്ന് അറിയില്ല എന്നായിരുന്നു കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ പ്രതികരണം. അഭിലാഷ് സിപിഎം പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്ന് പുറത്താക്കി. നേരത്തേ പാലിയേറ്റീവ് കെയറിന്റെ വാഹനത്തില്‍ മദ്യപിച്ച് ജോലി ചെയ്തതിൽ തർക്കമുണ്ടായെന്നു കേട്ടിരുന്നു. ജീവനെടുക്കേണ്ടുന്ന രീതിയിലുള്ള യാതൊന്നും സത്യനാഥന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും ജമീല പറഞ്ഞു.
Read more at: അഭിലാഷ് എത്തിയത് കരുതിക്കൂട്ടി, പിറകിലൂടെ എത്തി വെട്ടിവീഴ്ത്തി
സത്യനാഥന്‍റെ കൊലപാതകത്തിലേക്കു നയിച്ച കാരണമെന്തെന്നു പൊലീസ് കണ്ടെത്തട്ടെ എന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പ്രതികരിച്ചു. കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ല. നാടിനായി പ്രവർത്തിച്ചിരുന്ന വ്യക്തിയെയാണു നഷ്ടപ്പെട്ടതെന്നും മോഹനൻ പറഞ്ഞു. സത്യനാഥന്റെ കൊലപാതകത്തില്‍ അഭിലാഷാണു പ്രതിയെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമാണു പൊലീസ് പറയുന്നത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണു പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തുവച്ച് സത്യനാഥനു വെട്ടേറ്റത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് (33) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾ സിപിഎം മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും നഗരസഭയിലെ താൽക്കാലിക ഡ്രൈവറുമാണ്.