സത്യനാഥന്റെ കൊലപാതകം: കൊന്നത് വ്യക്തി വിരോധം മൂലമെന്ന് പ്രതി, ആയുധം കണ്ടെത്തി
Mail This Article
കോഴിക്കോട്∙ സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് അടുത്തുനിന്നാണ് ആയുധം കണ്ടെത്തിയത്. സർജിക്കൽ ബ്ലെയ്ഡ് ഉപയോഗിച്ചാണു പ്രതി അഭിലാഷ് കൊലപാതകം നടത്തിയത്. കൊലയ്ക്കു കാരണം വ്യക്തിവിരോധമെന്നു പ്രതി പൊലീസിന് മൊഴി നൽകി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കേസ് അന്വേഷണത്തിനായുള്ള പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 14 അംഗ സംഘമാണു കേസ് അന്വേഷിക്കുക. കൊയിലാണ്ടി സിഐ മെൽവിൻ ജോസിനാണ് അന്വേഷണച്ചുമതല. പേരാമ്പ്ര, താമരശേരി ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്.
രാത്രി ഒൻപതരയോടെ സത്യനാഥന്റെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഇ.പി.ജയരാജനും പി.ജയരാജനും അന്ത്യാജ്ഞലി അർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്കു പിന്നാലെ വിലാപയാത്രയായാണു മൃതദേഹം വീട്ടിലെത്തിച്ചത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണു സത്യനാഥനെ പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് വെട്ടിക്കൊന്നത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിന് സമീപത്തുവച്ചാണു സംഭവം നടന്നത്. അണേല മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭാ മുൻ ചെയർപഴ്സന്റെ ഡ്രൈവറുമായിരുന്നു പ്രതി അഭിലാഷ്.