ഏകവ്യക്തി നിയമം നടപ്പാക്കാൻ അസം സർക്കാരും; മുസ്‌ലിം വിവാഹ നിയമം റദ്ദാക്കി
Mail This Article
ഗുവാഹത്തി∙ ഉത്തരാഖണ്ഡിനു പിന്നാലെ ഏകവ്യക്തി നിയമം നടപ്പാക്കാൻ ഒരുങ്ങി അസം സർക്കാരും. ഇതിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പായി മുസ്‌ലിം വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ തീരുമാനിച്ചു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. അസം നിയമസഭയിൽ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്.
ഫെബ്രുവരി 7ന് ഉത്തരാഖണ്ഡ് ബിൽ പാസാക്കിയതിന് ശേഷം, അസമിൽ ഏകീകൃത സിവിൽ കോഡിന് നിയമനിർമാണം നടത്താൻ പദ്ധതിയിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പലതവണ സൂചന നൽകിയിരുന്നു. “വളരെ പ്രധാനപ്പെട്ട തീരുമാനമാണ് എടുത്തിരിക്കുന്നത്. അതിനനുസൃതമായാണ് അസം 1935ലെ മുസ്‌ലിം വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം റദ്ദാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സ്പെഷൻ മാര്യേജ് ആക്ടിന്റെ കീഴിലായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.’’– മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. ശൈശവ വിവാഹങ്ങൾ കുറയ്ക്കുന്നതിനും തീരുമാനം സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.