വോട്ട് കുറഞ്ഞാൽ ഭാരവാഹിത്വം പോകും; മുന്നറിയിപ്പുമായി സ്റ്റാലിൻ, നാളെ മുതൽ ‘ഇല്ലം തോറും സ്റ്റാലിൻ കുരൽ’
Mail This Article
ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ഉഴപ്പുന്ന പാർട്ടി ഭാരവാഹികൾക്കു കർശന മുന്നറിയിപ്പുമായി ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ.
ഏതെങ്കിലും മണ്ഡലത്തിലോ ജില്ലയിലോ വോട്ടുകൾ കുറഞ്ഞാൽ അതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകുമെന്നും അവർ പിന്നീട് ഭാരവാഹികളായിരിക്കില്ലെന്നും ജില്ലാ സെക്രട്ടറിമാരുടെയും നിയമസഭാ മണ്ഡലതല നിരീക്ഷകരുടെയും യോഗത്തിൽ സ്റ്റാലിൻ പറഞ്ഞു. മന്ത്രിമാർക്കും സ്റ്റാലിൻ ഇതേ മുന്നറിയിപ്പു നൽകിയിരുന്നു.
ബജറ്റ് പൊതുജനങ്ങൾക്കു വിശദീകരിച്ചു നൽകാൻ മാർച്ച് 2, 3 തീയതികളിൽ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പൊതുസമ്മേളനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.
നാളെ മുതൽ ‘ഇല്ലം തോറും സ്റ്റാലിൻ കുരൽ’ (വീടുകൾ തോറും സ്റ്റാലിന്റെ ശബ്ദം) എന്ന പേരിൽ പ്രചാരണ പരിപാടിയും തുടങ്ങും. കേന്ദ്രത്തിന്റെ അനീതികളും സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും ജനങ്ങളിലെത്തിക്കണമെന്നും സ്റ്റാലിൻ നിർദേശിച്ചു. താഴെത്തട്ടിൽ നടക്കുന്ന കാര്യങ്ങൾ വരെ നേതൃത്വം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയിലും സർക്കാരിലും ഒട്ടേറെ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നു മാർച്ച് ഒന്നിനു മുഖ്യമന്ത്രിയുടെ ജന്മദിനാഘോഷം വിപുലമായി നടത്തണമെന്നു ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ ആവശ്യപ്പെട്ടെങ്കിലും പ്രത്യേക യോഗങ്ങൾ പാടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.