ADVERTISEMENT

കൊല്ലം∙ സീറ്റ് നിഷേധം ഒരു പാർട്ടിയുടെ മുന്നണി മാറ്റത്തിനിടയാക്കിയ മണ്ഡലമാണ് കൊല്ലം. സിപിഎം സീറ്റ് നിഷേധിച്ച ആർഎസ്പി 2014ൽ യുഡിഎഫിലെത്തി. എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രിയായിരുന്ന എൻ.കെ.പ്രേമചന്ദ്രൻ യുഡിഎഫിനായി ആ വർഷം മത്സരത്തിനിറങ്ങിയപ്പോൾ, ഉറച്ച സീറ്റിലെ പ്രതാപം എൽഡിഎഫിനു നഷ്ടമായി. 2009 ലെ തിരഞ്ഞെടുപ്പു മുതൽ യുഡിഎഫാണ് മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്നത്. 2014 ൽ കോൺഗ്രസ് ആർഎസ്പിക്ക് സീറ്റ് കൈമാറി. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.കെ.പ്രേമചന്ദ്രൻ ഹാട്രിക് വിജയത്തിനായാണ് ഇത്തവണ ഇറങ്ങുന്നത്. എം.എ.ബേബിയും, ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാലും പരാജയപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കാനുള്ള ചുമതല ഇത്തവണ സിപിഎം ഏൽപിച്ചിരിക്കുന്നത് കൊല്ലം എംഎൽഎ എം.മുകേഷിനാണ്. ബിജെപിക്ക് സ്ഥാനാർഥിയായിട്ടില്ല.

Show more

ആര്‍എസ്പിയുടെ മുന്നണി മാറ്റത്തെത്തുടർന്ന്, കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഒരു പ്രയോഗം ഉണ്ടായതും കൊല്ലത്താണ്. എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന ആര്‍എസ്പി, കൊല്ലം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് യുഡിഎഫിലേക്ക് പോകുകയും പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുകയും ചെയ്തതോടെയാണ് കൊല്ലം ശ്രദ്ധാകേന്ദ്രമാകുന്നത്. പ്രേമചന്ദ്രനെതിരെ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ‘പരനാറി’ പ്രയോഗം കേരളമാകെ രാഷ്ട്രീയ ചർച്ചയായി. കുണ്ടറ എംഎൽഎയായിരുന്ന എം.എ.ബേബിയെ ആണ് കൊല്ലം പിടിക്കാൻ സിപിഎം നിയോഗിച്ചത്. സിപിഎം, സിപിഐ ശക്തി കേന്ദ്രങ്ങളിൽപോലും വോട്ടു ചോർന്നതോടെ പരാജയപ്പെട്ട എം.എ.ബേബി എംഎല്‍എ പദം രാജിവയ്ക്കാനൊരുങ്ങി. പിന്നീട് ഡൽഹിയിലേക്ക് പ്രവർത്തന മേഖല മാറ്റി.

Show more

1996, 98 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച പ്രേമചന്ദ്രനെ തഴഞ്ഞ് 1999 ൽ സീറ്റ് പിടിച്ചെടുത്ത സിപിഎം, 2014ലും ആർഎസ്‌പിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് അവര്‍ മുന്നണി വിട്ടത്. 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുണ്ടറയിലും അഞ്ചാലുംമൂട്ടിലും തേവലക്കരയിലുമാണ് പ്രേമചന്ദ്രനെതിരെ പിണറായി പരനാറി പ്രയോഗം നടത്തിയത്. ഇതു തോല്‍വിക്ക് പ്രധാന കാരണമായെന്ന് പിന്നീട് ഇടതുമുന്നണി വിലയിരുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, ജില്ലാ സെക്രട്ടറിയായിരുന്ന കെ.എൻ.ബാലഗോപാലിനെ രംഗത്തിറക്കിയെങ്കിലും 37649 ആയിരുന്ന എൻ.കെ.പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 148856 ആയി ഉയർന്നു. 2016 ൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച എം.മുകേഷിന്റെ  ഭൂരിപക്ഷം 17611 ആയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 2072 വോട്ടിന്റെ ഭൂരിപക്ഷം.

ബിജെപി വോട്ട് ബാങ്ക് വർധിപ്പിക്കുന്ന സ്ഥലമാണ് കൊല്ലം. 2009 ലെ തിരഞ്ഞെടുപ്പിൽ 33078 വോട്ടും 2014 ൽ 58671 വോട്ടും 2019 ൽ 103339 വോട്ടുമാണ് ബിജെപി നേടിയത്. ഇത്തവണ കുമ്മനം രാജശേഖരൻ കൊല്ലത്ത് മത്സരിക്കുമെന്ന് പ്രചാരണമുണ്ട്. പക്ഷേ ബിജെപി നേതൃത്വം ഇതു തള്ളിക്കളയുന്നു. 

Show more

∙കൊല്ലം മണ്ഡല ചരിത്രം

മണ്ഡലം രൂപീകരിച്ചതിനുശേഷം 8 തിരഞ്ഞെടുപ്പുകളില്‍ ഇടതു പാര്‍ട്ടികള്‍ വിജയിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി നേതാവായിരുന്ന ശ്രീകണ്ഠന്‍നായര്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. ആറ് തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയിച്ചു. ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കൊല്ലം ലോക്സഭാ മണ്ഡലം. കുണ്ടറ ഒഴികെയുള്ള മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് എല്‍ഡിഎഫാണ്. 

2024Lok-Sabha18

1962, 1967, 1971,1977 തിരഞ്ഞെടുപ്പുകളില്‍ ആര്‍എസ്പിയുടെ എന്‍.ശ്രീകണ്ഠന്‍ നായരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1980ല്‍ കോണ്‍ഗ്രസിലെ ബി.കെ.നായര്‍  36,586 വോട്ടുകള്‍ക്ക് ശ്രീകണ്ഠന്‍നായരെ പരാജയപ്പെടുത്തി. 1984ല്‍ കോണ്‍ഗ്രസിലെ കൃഷ്ണകുമാര്‍ 20,357 വോട്ടുകള്‍ക്ക് ആര്‍എസ്പിയിലെ ആര്‍.എസ്.ഉണ്ണിയെ തോൽപിച്ചു. 1989ല്‍ കൃഷ്ണകുമാര്‍ വിജയം ആവര്‍ത്തിച്ചു. ആര്‍എസ്പിയിലെ ബാബു ദിവാകരനെ 27,462 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1991 ല്‍ കൃഷ്ണകുമാര്‍ ആര്‍എസ്പിയിലെ ആര്‍.എസ്.ഉണ്ണിയെ 27,727 വോട്ടുകള്‍ക്ക് തോല്‍പിച്ചു ഹാട്രിക് വിജയം നേടി. 1996 ല്‍ ആര്‍എസ്പിയുടെ എന്‍.കെ.പ്രേമചന്ദ്രന്‍ കൃഷ്ണകുമാറിനെ 78,370 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1998 ല്‍ പ്രേമചന്ദ്രന്‍ കോണ്‍ഗ്രസിലെ കെ.സി.രാജനെ 71,762 വോട്ടുകള്‍ക്ക് തോല്‍പിച്ചു. 

1999 ല്‍ സിപിഎമ്മാണ് മണ്ഡലത്തില്‍ മത്സരിച്ചത്. സിപിഎം സ്ഥാനാര്‍ഥി പി.രാജേന്ദ്രന്‍ കോണ്‍ഗ്രസിലെ എം.പി.ഗംഗാധരനെ 19,284 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2004 ല്‍ പി.രാജേന്ദ്രന്‍ 1,11071 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തി. 2009 ല്‍ കോണ്‍ഗ്രസിലെ എന്‍.പീതാംബരക്കുറുപ്പിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. സിപിഎമ്മിലെ പി.രാജേന്ദ്രനെ 17,531 വോട്ടുകള്‍ക്കാണ് പീതാംബരക്കുറുപ്പ് തോല്‍പിച്ചത്. 2014ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍ സിപിഎമ്മിലെ എം.എ.ബേബിയെ 37,649 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2019ൽ എൻ.കെ.പ്രേമചന്ദ്രൻ സിപിഎമ്മിലെ കെ.എൻ.ബാലഗോപാലിനെ 148856 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

English Summary:

Kollam Constituency's Political Tug-of-War: A Chronicle of Shifting Alliances and Historic Victories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com