കന്യാകുമാരി ലക്ഷ്യമിട്ട് ബിജെപി; 3 വട്ടം കോൺഗ്രസ് എംഎൽഎയായിരുന്ന വിജയധരണിയെ പാർട്ടിയിൽ എത്തിച്ചു
Mail This Article
ന്യൂഡൽഹി∙ തമിഴ്നാട്ടിൽ മൂന്നുവട്ടം കോൺഗ്രസ് എംഎൽഎയായിരുന്ന എസ്. വിജയധരണി ശനിയാഴ്ച ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം രാജ്യത്തിന് വളരെ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് അവർ ബിജെപിയിൽ അംഗത്വമെടുത്തത്. തമിഴ്നാട്ടിൽ കളംപിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ പലവട്ടം പരാജയപ്പെട്ട സാഹചര്യത്തിലാണു വിജയധരണിയുടെ കൂടുമാറ്റമെന്നതു ശ്രദ്ധേയമാണ്. ഇതു ബിജെപിക്കു പ്രതീക്ഷയേറ്റുന്നതുമാണ്.
കന്യാകുമാരി ലോക്സഭാ മണ്ഡലത്തിനു കീഴിൽവരുന്ന വിളവൻകോട് നിയമസഭാ മണ്ഡലത്തിലെ എംഎൽഎയാണ് വിജയധരണി. ബിജെപിയിൽ ചേരുന്നതിനു മുന്നോടിയായി കോൺഗ്രസിൽനിന്നു രാജിവയ്ക്കുന്നതായുള്ള കത്ത് അവർ എക്സ് പ്ലാറ്റ്‌ഫോം വഴി പുറത്തുവിട്ടിരുന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ. മുരുഗന്റെയും ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാടിന്റെ ചുമതലയുള്ള പാർട്ടിയുടെ ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്റെയും സാന്നിധ്യത്തിലാണ് അവർ ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്.
കേന്ദ്രത്തിന്റെ പല പദ്ധതികളും തമിഴ്നാട്ടിലെ കോൺഗ്രസ്–ഡിഎംകെ സർക്കാർ നടപ്പാക്കുന്നില്ലെന്നാണ് വിജയധരണിയുടെ നിലപാട്. അതേസമയം, മോദിയെ ശക്തിപ്പെടുത്താൻ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് അനേകം പേർ ഇനിയും പാർട്ടിയിൽ ചേരുമെന്നു കേന്ദ്രമന്ത്രി മുരുഗൻ അറിയിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിലെ ഒരു സീറ്റിൽപ്പോലും ജയിക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.