തിരുവല്ലയിൽനിന്ന് കാണാതായ 15കാരിക്കായി തിരച്ചിൽ; ഒപ്പം പോയെന്നു സംശയിക്കുന്ന യുവാക്കളുടെ ചിത്രം പുറത്തുവിട്ടു
Mail This Article
തിരുവല്ല∙ ഒന്‍പതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ ഒപ്പം പോയതായി സംശയിക്കുന്ന യുവാക്കളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കാവുംഭാഗം സ്വദേശിനിയായ പാർവതി എന്ന പതിനഞ്ചുകാരിയെ വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായ സംഭവത്തിലാണ്, ഒപ്പം പോയെന്നു സംശയിക്കുന്ന യുവാക്കളുടെ ചിത്രം പൊലീസ് പുറത്തുവിട്ടത്. പാർവതിയുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
ഇവരെ തിരിച്ചറിയുന്നവര്‍ പൊലീസില്‍ അറിയിക്കണമെന്നാണു നിർദേശം. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽനിന്നു കൊണ്ടുപോയതെന്നാണു വിവരം. പെൺകുട്ടി ബസ് സ്റ്റാൻഡിൽ വച്ച് യൂണിഫോം മാറ്റി പുതിയ വസ്ത്രം ധരിച്ചാണ് ഇവർക്കൊപ്പം പോയതെന്നും സൂചനയുണ്ട്.
വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് എന്നു പറഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ പിന്നീടു കാണാതാവുകയായിരുന്നു. തിരുവല്ല മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിനിയാണ് പാർവതി. ഉച്ചയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് പാർവതിയുടെ അമ്മ സ്കൂളിലും പിന്നീട് ട്യൂഷൻ ക്ലാസിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ബന്ധുവീടുകളിലും എത്തിയിട്ടില്ലെന്ന് ഉറപ്പായതോടെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. ഇതിൽ കുട്ടി രണ്ട് ആൺകുട്ടികൾക്കൊപ്പം സംസാരിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പാർവതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ചിത്രം ഉൾപ്പെടെ പുറത്തുവിട്ട് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയത്. ബസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.