വീട്ടില്‍ പ്രസവം നടത്തി യുവതിയും കുഞ്ഞും മരിച്ച സംഭവം; നയാസിന്റെ ആദ്യ ഭാര്യ രണ്ടാം പ്രതി
Mail This Article
തിരുവനന്തപുരം∙ വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച് യുവതിയും കുഞ്ഞും മരിച്ച കേസിൽ യുവതിയുടെ ഭർത്താവ് നയാസിന്റെ ആദ്യ ഭാര്യ റജീനയെ പ്രതിചേർത്തു. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പ്രതിചേര്‍ത്തത്. ഗർഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്. കേസിലെ രണ്ടാംപ്രതിയായ യുവതി ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ അക്യുപംക്ചർ ചികിത്സകനായ ശിഹാബുദ്ദീൻ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്ന് നയാസ് പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്. പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36) കഴിഞ്ഞ ദിവസമാണ് അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. നവജാത ശിശുവും മരിച്ചിരുന്നു.
ഇതിനു പിന്നാലെ, ഷമീറയ്ക്ക് ആധുനിക ചികിത്സ ലഭ്യമാക്കാതിരുന്ന ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീറയ്ക്ക് അക്യുപംക്ചർ ചികിത്സയാണ് നൽകിയതെന്ന ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.