ഒടുവിൽ നവൽനിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി; ‘സംസ്കാരത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല’
Mail This Article
മോസ്കോ∙ ജയിലിൽവച്ച് മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറിയെന്ന് അദ്ദേഹത്തിന്റെ വക്താവ് ശനിയാഴ്ച അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനായ നവൽനി ഫെബ്രുവരി 16നാണ് മരിച്ചത്. വടക്കൻ സൈബീരിയയിൽ റഷ്യയിലെ ഏറ്റവും കാഠിന്യമേറിയ ജയിൽവച്ചായിരുന്നു അന്ത്യം. 19 വർഷത്തെ തടവുശിക്ഷ അനുവഭിച്ചുവരികയായിരുന്നു നവൽനി.
‘‘അലക്സിയുടെ മൃതദേഹം അമ്മയ്ക്കു വിട്ടുകിട്ടി. മൃതദേഹം ലഭിക്കുന്നതിനായി ഞങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. അമ്മ ല്യുഡ്മില ഇവാനോവ്ന ഇപ്പോഴും സാലേഖാർഡിലാണ്. സംസ്കാരത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കുടുംബത്തിന്റെ ആഗ്രഹപ്രകാരമോ അലക്സി അർഹിക്കുന്ന പ്രകാരമോ സംസ്കാരം നടത്താനാകുമോയെന്നും അധികൃതർ ഇതിൽ ഇടപെടുമോയെന്നും വ്യക്തമല്ല. എന്തെങ്കിലുമുണ്ടെങ്കിൽ ഞങ്ങൾ അറിയിക്കുന്നതായിരിക്കും’’ – നവൽനിയുടെ വക്താവ് കിര യാമിഷ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി മൃതദേഹം അമ്മയ്ക്കു വിട്ടുനൽകാൻ റഷ്യൻ അധികൃതർ വിസമ്മതിച്ചിരുന്നു. ജയിൽ നിൽക്കുന്ന പ്രദേശത്തിന് അടുത്ത സ്ഥലമാണ് സാലേഖാർഡ്. ല്യുഡ്മില ഇവിടെയെത്തിയിട്ടും അവർ മൃതദേഹം വിട്ടുനൽകിയില്ല. നവൽനിയുടെ സംഘം മൃതദേഹം വിട്ടുകിട്ടുന്നതിനായി വെള്ളിയാഴ്ച കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. രഹസ്യ സംസ്കാരത്തിന് ല്യുഡ്മില സമ്മതിച്ചില്ലെങ്കിൽ ജയിൽവളപ്പിൽത്തന്നെ സംസ്കരിക്കുമെന്ന് ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന വാർത്തയും പുറത്തുവന്നിരുന്നു.
അതേസമയം, തന്റെ നിരന്തര വിമർശകന്റെ പേര് പരസ്യമായി ഒരിക്കൽപ്പോലും പറയാത്ത പുട്ടിൻ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.