ADVERTISEMENT

ന്യൂഡൽഹി∙ ബഹുജൻ സമാദ്‌വാദി പാർട്ടി എംപി റിതേഷ് പാണ്ഡെ ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശിലെ അംബേദകർ നഗറിൽ നിന്നുള്ള എംപിയാണ് റിതേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ് കന്റീനിൽവച്ച് കൂടിക്കാഴ്ച നടത്തിയ ഏഴ് പ്രതിപക്ഷ എംപിമാരിൽ ഒരാളാണ് റിതേഷ്.  ബിഎസ്പിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുകയാണെന്ന് വ്യക്തമാക്കുന്ന രാജിക്കത്ത് റിതേഷ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിരുന്നു. പാർട്ടിയോഗങ്ങൾക്കു തന്നെ വിളിക്കുന്നില്ലെന്നും ബിഎസ്പി നേതാവ് മായാവതിയെ കാണാൻ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും റിതേഷ് രാജിക്കത്തിൽ ആരോപിച്ചു. വൈകാരികമായി ബുദ്ധിമുട്ടുണ്ടെങ്കിലും തന്റെ സേവനം പാർട്ടിക്ക് ആവശ്യമില്ലെന്ന് വ്യക്തമായതിനാലാണ് രാജിയെന്നും റിതേഷ് പറഞ്ഞു.

അതേസമയം, റിതേഷിനു മറുപടിയുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തി. മണ്ഡലത്തിൽ ജനങ്ങൾക്കുവേണ്ടി സമയം ചെലവഴിക്കുന്നുണ്ടെന്നാണ് കരുതുന്നതെങ്കിൽ ആത്മപരിശോധന നടത്തണമെന്ന് മായാവതി ചൂണ്ടിക്കാട്ടി. സ്വാർഥ ലക്ഷ്യങ്ങൾക്കായി ചുറ്റിക്കറങ്ങുകയും നിഷേധാത്മക ചർച്ചകളുടെ ഭാഗമാകുകയും ചെയ്താൽ ലോക്സഭയിലേക്കു ടിക്കറ്റ് നൽകുക സാധ്യമല്ലെന്നും മായാവതി കുറിച്ചു.

ബിഎസ്പി ഇത്തവണ റിതേഷിന് മത്സരിക്കാൻ ടിക്കറ്റ് നൽകില്ലെന്ന് ഉറപ്പായതിനാലാണ് പാർട്ടി വിട്ടതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാലുമായി അടുത്തിടെയായി റിതേഷ് പാണ്ഡെ സ്ഥിരമായി ബന്ധം പുലർത്തിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ലോക്സഭാംഗമായിട്ടുള്ള സീറ്റ് നൽകാമെന്ന ഉറപ്പിലാണ് റിതേഷ് ബിജെപിയിൽ ചേർന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലണ്ടനിലെ യൂറോപ്യൻ ബിസിനസ് സ്കൂളിലെ പൂർവവിദ്യാർഥിയായ റിതേഷ് പാണ്ഡെ രാജ്യത്തെ ശ്രദ്ധേയരായ എംപിമാരിൽ ഒരാളാണ്. നാൽപ്പത്തിരണ്ടുകാരനായ പാണ്ഡെ, ലോക്‌സഭയിലെ ബിഎസ്പിയുടെ സഭാ നേതാവുമായിരുന്നു. ഒരു ദേശീയ പാർട്ടിയെ ലോക്സഭയിൽ നയിക്കുന്ന പ്രായം കുറഞ്ഞ നേതാവ് എന്ന ബഹുമതി ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച റിതേഷ് പാണ്ഡെയുടെ പിതാവ് രാകേഷ് പാണ്ഡേയും അംബേദ്കർ നഗറിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2017 ലെ യുപി നിയമസഭ തിരഞ്ഞെടുപ്പിൽ ജലാൽപൂരിൽനിന്നു ജയിച്ച റിതേഷ് 2019ൽ പിതാവ് ജയിച്ച അംബേദ്കർ നഗർ മണ്ഡലത്തിൽനിന്ന് 95,880 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ലോക്സഭയിലേക്ക് കന്നിജയം സ്വന്തമാക്കിയത്.

ബിഎസ്പിയുടെ സഭാ നേതാവ് എന്നതിലുപരി ലോക്സഭയിൽ എംപി എന്ന നിലയിൽ റിതേഷ് പാണ്ഡേയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. സഭയിൽ 93% ഹാജർ സ്വന്തമായുള്ള ഈ എംപി യുപിയിൽ നിന്നുള്ള എംപിമാരുടെ ശരാശരി ഹാജരായ 83 ശതമാനത്തിൽനിന്ന് ഏറെ മുന്നിലാണ്. പാർട്ടിയുടെ സഭാ നേതാവ് കൂടിയായതിനാലാകണം കഴിഞ്ഞ 5 വർഷം സഭയിൽ വിവിധ വിഷയങ്ങളിൽ നടന്ന 135 ചർച്ചകളിൽ റിതേഷിന്റെ ശബ്ദം മുഴങ്ങിക്കേട്ടു. ഇക്കാര്യത്തിൽ യുപിയിലെ ലോക്സഭാ എംപിമാരുടെ ശരാശരി വെറും 60.2 മാത്രമാണ്. 235 ചോദ്യങ്ങളാണ് 5 വർഷത്തിനിടെ റിതേഷ് ചോദിച്ചത്. യുപിയിലെ എംപിമാർ ചോദിച്ച ചോദ്യങ്ങളുടെ ശരാശരി 151 മാത്രമാണ്. നാലു സ്വകാര്യ ബില്ലുകളും ഇക്കാലയളവിൽ റിതേഷ് അവതരിപ്പിച്ചു.

English Summary:

BSP MP Ritesh Pandey joined BJP in the presence of Uttar Pradesh Deputy CM Brajesh Pathak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com