‘ഇങ്ങനെ ജീവിച്ചിട്ട് കാര്യമില്ല’ എന്ന് സന്ദേശമയച്ചു; 17കാരിയുടേത് ആത്മഹത്യയെന്ന് പൊലീസ്; അല്ലെന്ന് കുടുംബം
Mail This Article
മലപ്പുറം∙ എടവണ്ണപ്പാറ ചാലിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥിനി ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് വാദം തള്ളി കുടുംബം. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണു കുടുംബത്തിന്റെ നിലപാട്. പെൺകുട്ടി മാനസിക ധൈര്യമുള്ള ആളാണെന്നും ആത്മഹത്യയ്ക്ക് എതിരെ ബോധവൽക്കരണം നടത്തുന്ന പെൺകുട്ടി സ്വയം മരിക്കുമെന്നു വിശ്വസിക്കുന്നില്ലെന്നും സഹോദരി മനോരമ ന്യൂസിനോട് പറഞ്ഞു.
Read Also: 17കാരിയെ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സിദ്ദിഖലിക്കെതിരെ കൂടുതൽ പീഡന പരാതികൾ
എന്നാൽ കാണാതാവുന്ന ദിവസം താൻ നേരിടുന്ന മാനസിക സമ്മർദം വ്യക്തമാക്കി 17 വയസ്സുകാരി സഹോദരിക്ക് വാട്‌സാപ് സന്ദേശം അയച്ചതായി പൊലീസ് പറയുന്നു. മാനസിക സമ്മർദത്തെ അതിജീവിക്കാനാകുന്നില്ലെന്നും ഇങ്ങനെ ജീവിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു തിങ്കളാഴ്ച സഹോദരിക്ക് പെൺകുട്ടി അയച്ച സന്ദേശം. ഈ സമയം സഹോദരി വീട്ടിലുണ്ടായിരുന്നില്ലെന്നും തുടർന്ന് ഇവർ മറ്റു കുടുംബാംഗങ്ങളെ വിവരം അറിയിച്ചെന്നുമാണു പൊലീസ് പറയുന്നത്.
തിങ്കളാഴ്ച വൈകിട്ട് ആറിന് പെൺകുട്ടി ചാലിയാറിന്റെ തീരത്തെത്തി. രണ്ടുമണിക്കൂറിന് ശേഷം പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ല. എന്നാൽ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും അത്മഹത്യ എന്നാണ് കണ്ടെത്തലെന്ന് പൊലീസ് പറയുന്നു. കരാട്ടെ പരിശീലന കേന്ദ്രത്തില്‍ പഠിച്ച കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നുണ്ട് പൊലീസ്. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
സംഭവത്തിൽ ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി.സിദ്ദീഖ് അലിയെ (43) പോക്സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായാണു കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പരാതി.