ദ്വാരകയിലെ 'സുദർശൻ സേതു' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ഇന്ത്യയിലെ നീളമേറിയ തൂക്കുപാലം – ചിത്രങ്ങൾ
Mail This Article
ദ്വാരക∙ ഇന്ത്യയിലെ ഏറ്റവും നീളമേറിയ തൂക്കുപാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ ദ്വാരകയിൽ ഉദ്ഘാടനം ചെയ്തു. ഓഖയെയും ദ്വാരക ദീപിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് ‘സുദർശൻ സേതു’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പാലത്തിന്റെ നിർമാണ ചെലവ് 979 കോടി രൂപയാണ്. ഭഗവാൻ കൃഷ്ണനുമായി ബന്ധപ്പെട്ട് പേരുകേട്ട നഗരമാണ് ദ്വാരക. പ്രസിദ്ധമായ ദ്വാരകാധീശ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിന് മുൻപ് മോദി ക്ഷേത്ര ദർശനം നടത്തുമെന്നാണ് വിവരം.
27.20 മീറ്റർ വീതിയുള്ള നാലുവരിപ്പാതയിൽ 2.50 മീറ്റർ വീതം രണ്ടുവശത്തും നടപ്പാതയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. നടപ്പാതയുടെ വശങ്ങളിലായി ഭഗവത് ഗീതയിൽ നിന്നുള്ള വരികളും കൃഷ്ണന്റെ ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. തുടക്കത്തിൽ സിഗ്നേച്ചർ പാലം എന്നാണ് പേരുനൽകിയിരുന്നത്. പിന്നീട് സുദർശൻ സേതുവെന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. പഴയ ദ്വാരകയെയും പുതിയ ദ്വാരകയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായിരിക്കും ഇതെന്ന് 2017ൽ പാലത്തിന് തറക്കല്ലിട്ടുകൊണ്ട് മോദി വ്യക്തമാക്കിയിരുന്നു.
ഉച്ചയോടെ ഗുജറാത്തിലെ രാജ്കോട്ടിൽ നിർമാണം പൂർത്തിയാക്കിയ എയിംസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1,195 കോടി രൂപയാണ് എയിംസിന്റെ നിർമാണത്തിനായി ചെലവുവന്നത്. രാജ്കോട്ടിലെ എയിംസിന് പുറമേ ആന്ധ്ര, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ എയിംസും പ്രധാനമന്ത്രി വെർച്വലി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നഗരത്തിൽ നടക്കുന്ന മെഗാ റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും.