‘വീണ്ടും നമ്മൾ കണ്ടുമുട്ടും’: മൂന്നു മാസത്തേയ്ക്ക് ‘മൻ കീ ബാത്ത്’ നിർത്തിവയ്ക്കുന്നതായി പ്രധാനമന്ത്രി മോദി
Mail This Article
ന്യൂഡൽഹി∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അടുത്ത മൂന്നു മാസത്തേക്ക് ‘മൻ കീ ബാത്ത്’ നിർത്തിവയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി അവസാന വാരത്തിലെ ‘മൻ കീ ബാത്ത്’ പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 110–ാം എപ്പിസോഡാണ് ഇന്നു സംപ്രേക്ഷണം ചെയ്തത്.
ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാതൃകാ പെരുമാറ്റച്ചട്ടം മാർച്ചിൽ നിലവിൽ വരാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ മര്യാദയുടെ പേരിലാണ് പരിപാടി നിർത്തിവയ്ക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അടുത്ത മാസമാദ്യം തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ നൽകുന്നത്.
സർക്കാരിന്റെ നിഴലിൽനിന്നും അകറ്റി നിർത്തി പരിപാടിയുടെ 110 എപ്പിസോഡുകൾ നടത്താനായത് വലിയ വിജയമാണെന്നും രാജ്യത്തിന്റെ കൂട്ടായ ശക്തിക്കും നേട്ടങ്ങൾക്കും വേണ്ടിയാണ് പരിപാടി സമർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘‘ഇതു ജനങ്ങളുടെയും ജനങ്ങൾക്കുവേണ്ടിയുമുള്ള പരിപാടിയാണ്. അടുത്ത തവണ നമ്മൾ കണ്ടുമുട്ടുമ്പോൾ, മൻ കി ബാത്തിന്റെ 111-ാം എപ്പിസോഡായിരിക്കും.’’– സംഖ്യയുടെ പ്രത്യേകത സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുമെന്ന് പ്രധാനമന്ത്രി ഇതിനും മുൻപും പലതവണ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ജനങ്ങളുമായുള്ള തുടർച്ചയായ ആശയവിനിമയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ഒക്ടോബർ 3നാണ് ‘മൻ കീ ബാത്ത്’ ആരംഭിച്ചത്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുൻപും പരിപാടി നിർത്തിവച്ചിരുന്നു.