ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും; പേരുകൾ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും
Mail This Article
തിരുവനന്തപുരം∙ ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയിൽ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉൾപ്പെട്ടിരിക്കുന്നത്. ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി നാളെ തിരുവനന്തപുരത്ത് എത്തുന്നത്.
2025ൽ വിക്ഷേപിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട 4 പേരിൽ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. 3 ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ 3 ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച്, ഭൂമിയിൽ തിരിച്ചെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യം അടുത്ത വർഷം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി യന്ത്രവനിത ‘വ്യോമമിത്ര’യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പരീക്ഷണ ദൗത്യം ‘ജിഎക്സ്’ 2024 ജൂണിൽ വിക്ഷേപിക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ 3 ദിവസം സഞ്ചരിച്ച ശേഷം മടങ്ങിയെത്തും. തുടർന്ന് ജി1, ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങൾ കൂടി കഴിഞ്ഞ ശേഷമാകും ബഹിരാകാശ യാത്രികരുമായുള്ള ഗഗൻയാൻ ദൗത്യം.
മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാൻ കഴിയുമെന്നു തെളിയിക്കുകയാണു ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യം. അതിന്റെ തുടർച്ചയായി നടത്തുന്ന ദൗത്യങ്ങളിൽ ശാസ്ത്രീയമായ പഠനങ്ങൾക്കാണു മുൻതൂക്കം നൽകുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കിയിരുന്നു.