‘കെ.സുധാകരന്റേത് തമിഴിലെ പ്രയോഗം, ആദ്യ വാചകം മാത്രമാണെങ്കിൽ മൈ ഡിയർ എന്നാണ്’
Mail This Article
കോഴിക്കോട് ∙ വാർത്താസമ്മേളനത്തിനു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എത്താൻ വൈകിയതിലുള്ള നീരസത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അസഭ്യ പ്രയോഗം നടത്തിയതിൽ പ്രതികരിച്ച് കെ.മുരളീധരൻ എംപി. സുധാകരന്റെ പ്രയോഗം തമിഴ് ഭാഷയിലെ പ്രയോഗമാണെന്നു മുരളീധരൻ പരിഹസിച്ചു. ആദ്യത്തെ വാചകം മാത്രമാണെങ്കിൽ ‘മൈ ഡിയർ’ എന്നു വിശേഷിപ്പിക്കാമെന്നും മുരളീധരൻ പറഞ്ഞു.
‘‘നിങ്ങൾ (മാധ്യമങ്ങൾ) പറയുന്നതു പോലെയാണെങ്കിൽ, കെ.സുധാകരന്റെ പ്രയോഗം തമിഴ് ഭാഷയിൽ പറയുന്നൊരു വാചകമാണ്. ആദ്യത്തെ വാചകം മാത്രമാണെങ്കിൽ ‘മൈ ഡിയർ’ എന്നും വിശേഷിപ്പിക്കാം. മുഴുവൻ വാചകമാണ് പറഞ്ഞതെങ്കിൽ അതു തമിഴിൽ പറയുന്നതാണ്. അല്ലെങ്കിൽ ഇംഗ്ലിഷിൽ പറയുന്ന പ്രയോഗമാണ്. അതിനെ ആ രീതിയിൽ കണ്ടാൽ മതി. അതൊന്നും പാർട്ടിയുടെ വഴക്കിന്റെ ഭാഗമല്ല.’’– മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞു.
Read Also: ‘എന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കും’
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിനു സുധാകരനെത്തി 10 മിനിറ്റിലേറെ കഴിഞ്ഞും സതീശൻ എത്തിയില്ല. അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് ഇതുപറഞ്ഞ് അനിഷ്ടം പ്രകടിപ്പിക്കുമ്പോഴായിരുന്നു അസഭ്യപ്രയോഗം. മേശപ്പുറത്തുള്ള ചാനൽ മൈക്കുകൾ ഓൺ ആണെന്നു ബാബുപ്രസാദും വേദിയിലുണ്ടായിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാനും ഓർമിപ്പിച്ചതോടെ സുധാകരൻ നിശ്ശബ്ദനായി.
സംഭവം ചാനലുകളിൽ വാർത്തയായതോടെ ‘സമരാഗ്നി’യുടെ ഭാഗമായ ജനകീയ ചർച്ചാസദസ്സിൽനിന്നു സുധാകരൻ നേരത്തേ പോയി. വാർത്തയറിഞ്ഞ സതീശൻ, താൻ രാജിവയ്ക്കാമെന്ന് ഒപ്പമുള്ളവരോടു പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഫോണിലൂടെ ഇടപെട്ടതിനുപിന്നാലെ ഇരുവരും മാധ്യമങ്ങളെ വെവ്വേറെ കണ്ട് എല്ലാം നിഷേധിച്ചു. ‘ജ്യേഷ്ഠാനുജന്മാരെപ്പോലെ’യെന്നു പരസ്പരം വിശേഷിപ്പിക്കുകയും ചെയ്തു.