ഇന്ത്യയെ വിജയിപ്പിക്കൂ; വാട്ടർ ബില്ല് എഴുതിത്തള്ളാം: കേജ്‌രിവാൾ
Mail This Article
ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഇന്ത്യ മുന്നണി സ്ഥാനാർഥികൾ വിജയിച്ചാൽ, പിഴവ് മൂലം വൻ തുക കുടിശിക വന്ന ശുദ്ധജല ബില്ലുകൾ 15 ദിവസത്തിനകം എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ 11 ലക്ഷം കുടുംബങ്ങൾക്കാണ് കൂടിയ തുകയുടെ ശുദ്ധജല ബില്ലുകൾ ലഭിച്ചത്.
ബിജെപിയായിരുന്നു ഭരണത്തിലെങ്കിൽ ഇതിന്റെ പേരിൽ ശുദ്ധജല കണക്‌ഷൻ കട്ട് ചെയ്യുമായിരുന്നു എന്നും കേജ്‌രിവാൾ പറഞ്ഞു. വൻ തുകയുടെ ബില്ലുകൾ ലഭിച്ചവർ ഇപ്പോൾ പണം അടയ്ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉയർന്ന തുകയുടെ ശുദ്ധജല ബില്ലുകൾക്കെതിരെ ആം ആദ്മി പാർട്ടി ഓഫിസിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആം ആദ്മി പാർട്ടി സർക്കാർ ജനങ്ങളുടേതാണ്. പിഴവ് വന്ന ശുദ്ധജല ബില്ലുകൾ ഒറ്റത്തവണ തീർപ്പാക്കാനുള്ള പദ്ധതി സർക്കാർ അവതരിപ്പിച്ചു. എന്നാൽ, ബിജെപി ലഫ്. ഗവർണറെ ഉപയോഗിച്ച് പദ്ധതി തടസ്സപ്പെടുത്തി. ഇതു നടപ്പാക്കിയാൽ സസ്പെൻഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. സർക്കാർ ജനങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കിയ പല പദ്ധതികളും ബിജെപി മുടക്കിയെന്നും കേജ്‌രിവാൾ ആരോപിച്ചു.
പ്രതികൂല സാഹചര്യങ്ങളിലും ഡൽഹിയിൽ ഭരണം മുന്നോട്ടു കൊണ്ടു പോകുന്ന തനിക്ക് നൊബേൽ സമ്മാനം ലഭിക്കേണ്ടതാണെന്നാണു കേജ്‌രിവാൾ പറഞ്ഞത്.
ബിജെപിയും ലഫ്. ഗവർണറും ഡൽഹിയിലെ ജനങ്ങൾക്കു നിരന്തരം കുഴപ്പങ്ങളുണ്ടാക്കുന്നു. ഡൽഹിയുടെ പുത്രനെന്ന നിലയിൽ ജനങ്ങളോടുള്ള കടമ നിർവഹിക്കും. തനിക്കുള്ള നൊബേൽ സമ്മാനം ഡൽഹിയിലെ ജനങ്ങളാണെന്നും കേജ്‌രിവാൾ പറഞ്ഞു.
തുടർച്ചയായി 3 തവണ ആം ആദ്മി പാർട്ടിയെ വിജയിപ്പിച്ചത് കൊണ്ടാണ് ബിജെപി ഡൽഹിയിലെ ജനങ്ങളെ വെറുക്കുന്നത്. അവർ ജനങ്ങളോടു പ്രതികാരം ചെയ്യുകയാണ്.
ജനങ്ങളോടുള്ള ബിജെപിയുടെ അക്രമങ്ങളെ ചെറുക്കാൻ ഒരു മതിൽ പോലെ താൻ നിൽക്കും. പാർലമെന്റിൽ ഡൽഹിയുടെ ശബ്ദം ഉയർന്നു കേൾക്കാനും കുടിവെള്ള ബില്ലുകൾ എഴുതിത്തള്ളാനും ഇന്ത്യ മുന്നണിക്കു വോട്ട് ചെയ്യണമെന്നും കേജ്‌രിവാൾ ആഹ്വാനം ചെയ്തു.