ഇന്ത്യയിൽ സമ്പൂർണ ദരിദ്രർ അഞ്ചുശതമാനത്തിൽ താഴെ മാത്രം: നിതി ആയോഗ് സിഇഒ
Mail This Article
ന്യൂഡൽഹി∙ സമ്പൂർണ ദരിദ്രരായ ഇന്ത്യക്കാരുടെ ജനസംഖ്യ അഞ്ചുശതമാനത്തിൽ താഴെയാണെന്ന് നിതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം. ഗാർഹിക ഉപഭോഗ ചെലവ് സർവേ 2022–23 പ്രകാരം ദരിദ്രവിഭാഗത്തിന്റെ പ്രതിമാസ ഉപഭോക്തൃ ചെലവ് ഗ്രാമീണ ഇന്ത്യയിൽ 1441 രൂപയും നഗരങ്ങളിൽ 2087 രൂപയുമാണെന്നും അദ്ദേഹം പറയുന്നു. ഏപ്രിൽ–മേയ് മാസത്തിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴാണ് സർവേ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യൻ ദരിദ്രരെ നിർവചിക്കുന്ന ടെൻഡുൽക്കർ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവേ ഡേറ്റ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിൽ അഞ്ചുശതമാനത്തിൽ താഴെയെ ദരിദ്രരുള്ളൂവെന്നാണ് സുബ്രഹ്മണ്യം പറഞ്ഞത്. ഇന്ത്യക്കാരെല്ലാം നന്നായി ഇരിക്കുന്നു എന്നല്ല ഇതിനർഥമെന്നും സമ്പൂർണ ദരിദ്രർ അഞ്ചുശതമാനത്തിൽ താഴെയാണെന്ന് മാത്രമാണ് ഇത് അർഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ പൊതുനയ സംഘടന തയ്യാറാക്കിയ ‘ഇന്ത്യയിലെ 2005–06 മുതലുള്ള ബഹുതല ദാരിദ്ര്യം’എന്ന റിപ്പോർട്ടിൽ കേന്ദ്ര പദ്ധതികൾ 2013–14, 2022–23 കാലയളവിൽ ദാരിദ്ര്യ നിർമാർജനത്തിനായി സഹായിച്ചുവെന്ന് പരാമർശിക്കുന്നുണ്ട്.
കേന്ദ്ര പദ്ധതികളായ പോഷൺ അഭിയാൻ, അനീമിയ മുക്തി ഭാരത് എന്നിവ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം വർധിപ്പിച്ചുവെന്നും അത് ദാരിദ്ര്യനിർമാർജനത്തിന് വലിയ കാരണമായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ഒൻപതുവർഷത്തിനിടയിൽ 24.86 കോടി ജനങ്ങൾ പലതരത്തിലുള്ള ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നതായി ഒരു മാസം മുൻപ് നിതി ആയോഗിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിന് തൊട്ടുപിറകേയാണ് ദരിദ്രർ അഞ്ചുശതമാനത്തിൽ താഴെയാണെന്ന റിപ്പോർട്ട് വന്നിരിക്കുന്നത്.