ADVERTISEMENT

ന്യൂ‍ഡൽഹി∙ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മിഷൻ നൽകണമെന്ന ആവശ്യത്തിൽ സുപ്രീംകോടതിയുടെ അന്ത്യശാസനം. സ്ത്രീകളെ മാറ്റിനിർത്താൻ കഴിയില്ലെന്നും നിങ്ങൾക്ക് കഴിയില്ലെങ്കിൽ തങ്ങളത് നടപ്പാക്കുമെന്നും കോടതി പറഞ്ഞു. സാങ്കേതികത പറഞ്ഞുള്ള വാദങ്ങൾ 2024ലും നിലനിൽക്കില്ലെന്നും വനിതാ ഉദ്യോഗസ്ഥർക്കു സ്ഥിരം കമ്മിഷൻ നൽകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കേന്ദ്രത്തിനുവേണ്ടി വാദിച്ച അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയോട് ആവശ്യപ്പെട്ടു. കോസ്റ്റ് ഗാർഡിനോട് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. മാർച്ച് ഒന്നിന് കേസിൽ വീണ്ടും വാദം കേൾക്കും. 

Read also: സന്ദേശ്‌ഖലി പ്രക്ഷോഭം: തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്‌ഖിനെ അറസ്റ്റ് ചെയ്യാം; വ്യക്തമാക്കി കൽക്കട്ട ഹൈക്കോടതി

സേനയിലെ യോഗ്യരായ വനിതാ ഷോർട്ട് സർവീസ് കമ്മിഷൻ ഓഫിസർമാർക്ക് സ്ഥിരം കമ്മിഷൻ നൽകണമെന്ന് ആവശ്യപ്പെട്ടു വനിതാ ഓഫിസർ പ്രിയങ്ക ത്യാഗി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് പരിഗണിച്ചത്. സ്ഥിരം കമ്മിഷനുകൾ അനുവദിക്കുന്നതിൽ ചില പ്രാവർത്തിക ബുദ്ധിമുട്ടുകളുണ്ടെന്നായിരുന്നു അറ്റോർണി ജനറലിന്റെ സബ്മിഷനുകളിൽ പറഞ്ഞത്. നാവികസേനയടക്കം സ്ഥിരം കമ്മിഷൻ അനുവദിക്കുമ്പോൾ കോസ്റ്റ് ഗാർഡ് എന്തുകൊണ്ടാണ് പിന്നാക്കം പോകുന്നതെന്ന് നേരത്തേ കോടതി ചോദിച്ചിരുന്നു. എന്നാൽ കരസേനയിൽനിന്നും നാവികസേനയിൽനിന്നും വ്യത്യസ്തമാണ് കോസ്റ്റ് ഗാർഡ് എന്നായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. 

‘നിങ്ങൾ നാരീശക്തിയെക്കുറിച്ചു പറയുന്നു. ഇപ്പോൾ അത് ഇവിടെ കാണിക്കൂ. ഈ വിഷയത്തിൽ നിങ്ങൾ കടലിന്റെ ആഴത്തിലാണ്. സ്ത്രീകളെ നീതിപൂർവം പരിഗണിക്കുന്ന ഒരു നയം നിങ്ങൾ കൊണ്ടുവരണം.’’ കഴിഞ്ഞയാഴ്ചത്തെ വാദംകേൾക്കലിൽ ബെഞ്ച് നിരീക്ഷിച്ചു. സ്ത്രീകൾക്ക് അതിർത്തികൾ കാക്കാമെങ്കിൽ കടൽത്തീരങ്ങളും സംരക്ഷിക്കാമെന്നും കോടതി പരാമർശിച്ചിരുന്നു.

English Summary:

"If You Can't, We Will...": Supreme Court Warns Centre In Coast Guard Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com