പൗരത്വ ഭേദഗതി നിയമം അടുത്ത മാസം മുതൽ നടപ്പാക്കിയേക്കും: റിപ്പോർട്ട്
Mail This Article
ന്യൂഡൽഹി∙ വിവാദമായ പൗരത്വ ഭേദഗതി നിയമം അടുത്ത മാസം മുതൽ നിലവിൽ വന്നേക്കുമെന്ന് റിപ്പോർട്ട്. മൂന്ന് അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം, ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് നടപ്പാക്കുമെന്നു ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന വന്നു ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്.
പൗരത്വ റജിസ്ട്രേഷനുള്ള ഓൺലൈൻ പോർട്ടൽ തയാറായിട്ടുണ്ട്. ഇതിന്റെ ട്രയൽ റൺ നടക്കുന്നതായാണ് വിവരം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 30 ജില്ലാ മജിസ്ട്രേറ്റുമാർക്കും 9 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും പരിശോധനകൾക്കു ശേഷം പൗരത്വം നൽകാനുള്ള അധികാരം നൽകിയിട്ടുണ്ട്. സിഎഎ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനാണ് പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കുന്നത്.
ബംഗ്ലദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുൻപ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണു പൗരത്വത്തിന് പരിഗണിക്കുക. 2019ൽ പാസാക്കിയ നിയമത്തിനെതിരെ വൻതോതിൽ പ്രക്ഷോഭം ഉയർന്നിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ഉൾപ്പെടെ നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
പൗരത്വം നൽകുന്നതിനായി മതം പരിഗണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധങ്ങൾ അരങ്ങേറിയത്. ഇതിനു തൊട്ടുമുൻപ് അവതരിപ്പിച്ച എൻആർസി, എൻപിആർ എന്നിവ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചു.