മഹാരാഷ്ട്ര കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു, കോൺഗ്രസ് നേതാവ് ബസവരാജ് പാട്ടിൽ ബിജെപിയിലേക്ക്
Mail This Article
മുംബൈ∙കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മഹാരാഷ്ട്രയിലെ മുൻമന്ത്രിയും സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ബസവരാജ് പാട്ടിൽ പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുൻ മുഖ്യമന്ത്രി അശോക് ചവാൻ ദിവസങ്ങൾക്ക് മുൻപാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്.
ചൊവ്വാഴ്ച ബസവരാജ് ബിജെപിയിൽ ചേരുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മറാത്ത്വാഡാ പ്രദേശത്തെ സ്വാധീനമുള്ള നേതാവായിരുന്നു ബസവരാജ്.
2019–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ബസവരാജ് പൊതുപരിപാടികളിലൊന്നും പ്രത്യക്ഷപ്പെടാറില്ലെന്നും അതിനാൽ ബസവരാജിന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റം കോൺഗ്രസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും കോൺഗ്രസ് സെക്രട്ടറി അഭയ് സാലുങ്കെ പറഞ്ഞു.
മഹാരാഷ്ട്രയിൽ അശോക് ചവാൻ ഉൾപ്പടെ നിരവധി കോൺഗ്രസ് നേതാക്കളാണ് പാർട്ടി വിട്ടത്. ചവാൻ ബിജെപിയിൽ ചേക്കേറിയപ്പോൾ മിലിന്ദ് ദേവ്റ ഏക്നാഥ് ഷിൻഡെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തത്. ഇവരെ രണ്ടുപേരെയും രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശം ചെയ്തിരുന്നു. കോൺഗ്രസ് വിട്ട ബാബ സിദ്ദിഖി അജിത് പവാർ നയിക്കുന്ന എൻസിപിയുടെ ഭാഗമാണ്.
1999ലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബസവരാജ് ആദ്യം മത്സരിക്കുന്നത്. മഹാരാഷ്ട്ര മന്ത്രിസഭയിൽ അംഗമായ അദ്ദേഹം 1999–2004 കാലയളവിൽ റൂറൽ ഡവലപ്പ്മെന്റ് മന്ത്രിയായിരുന്നു.