മെട്രോയിൽ കയറാനെത്തിയ കർഷകനെ വസ്ത്രത്തിന്റെ പേരിൽ തടഞ്ഞു; ജീവനക്കാരനെ പിരിച്ചുവിട്ടു– വിഡിയോ
Mail This Article
ബെംഗളൂരു∙ നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയ കർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിന്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിആർസി) പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ സ്റ്റേഷനിലാണു സംഭവം. തലയിൽ തുണികൊണ്ടുള്ള ഭാണ്ഡവും ഷർട്ടും മുണ്ടും ധരിച്ചെത്തിയ കർഷകൻ ടിക്കറ്റെടുത്ത ശേഷം പ്ലാറ്റ്ഫോമിലേക്കു കടക്കാൻ ശ്രമിക്കവെയാണു സുരക്ഷാ ജീവനക്കാരൻ തടഞ്ഞത്.
ക്യൂവിൽ നിന്നു മാറി നിൽക്കാൻ ആവശ്യപ്പെട്ട ജീവനക്കാർ 15 മിനിറ്റു കഴിഞ്ഞും കാരണം വ്യക്തമാക്കിയില്ല. കണ്ടു നിന്നവർ ഇതു ചോദ്യം ചെയ്തു. ബിഎംആർസിയുടെ ചട്ടം ലംഘിക്കാത്ത കർഷകന് യാത്ര ചെയ്യാൻ തടസ്സമൊന്നുമില്ലെന്ന് ഇവർ വാദിച്ചു.
ഏറെ നേരത്തെ തർക്കത്തിന് ഒടുവിലാണ് കർഷകനെ യാത്ര ചെയ്യാൻ ജീവനക്കാരൻ അനുവദിച്ചത്. സംഭവത്തിന്റെ വിഡിയോ വിഡിയോ സമൂഹമാധ്യമങ്ങൾ പങ്കുവച്ചതോടെ ബിഎംആർസിക്ക് എതിരെ പ്രതിഷേധവും ചർച്ചകളും ശക്തമായി. ഇതോടെയാണ് ജീവനക്കാരനെ പുറത്താക്കി അധികൃതർ തലയൂരിയത്.
മെട്രോ യാത്ര വിഐപിമാർക്കോ?
മെട്രോ യാത്രയ്ക്കു വിഐപി വസ്ത്രധാരണം ആവശ്യമാണോയെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ പരക്കെ ഉയർന്നത്. സുരക്ഷാ ഭീഷണി ഉയർത്തുന്ന ഒരു വസ്തുക്കളും കർഷകന്റെ പക്കലില്ലായിരുന്നിട്ടും വേഷത്തിന്റെ പേരിൽ മാറ്റിനിർത്തിയത് കടുത്ത അനീതിയാണെന്നു പലരും ചൂണ്ടിക്കാട്ടി. ഒപ്പം കർഷകനെ തിരിച്ചയയ്ക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയ കാർത്തിക് എന്ന യാത്രക്കാരനെ ഒട്ടേറെ പേർ പ്രശംസിച്ചു. സംഭവത്തിൽ യാത്രക്കാരോടു ക്ഷമ ചോദിച്ച ബിഎംആർസി, എല്ലാവരെയും ചേർത്തു നിർത്തുന്ന പൊതു ഗതാഗത മാർഗമാണ് നമ്മ മെട്രോയെന്ന് വിശദീകരിച്ചു.