ADVERTISEMENT

കൊച്ചി ∙ മലയാള സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നതിനിടെ അപ്രതീക്ഷിതമായി ഉടലെടുത്ത പ്രതിസന്ധിയില്‍ ‘ആന്റി ക്ലൈമാക്സ്’. ഫെബ്രുവരി 23 മുതല്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന നിലപാട് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഏകപക്ഷീയമായി പിൻവലിച്ചു. തിയറ്റർ അടച്ചിടുകയോ പ്രദർശനം നടത്തുകയോ ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിഷേധം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫിയോക് ചെയര്‍മാൻ ദിലീപ് വ്യക്തമാക്കി.

Read Also: കൊച്ചിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു

ഫലത്തിൽ ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ പ്രസ്താവന പൂർ‍ണമായി തള്ളുന്നതായി ദിലീപിന്റെ പ്രഖ്യാപനം. ആന്റണി പെരുമ്പാവൂരാണ് ഫിയോക്കിന്റെ വൈസ് ചെയർമാൻ. അതേ സമയം, ഫിയോക് സമരം ചെയ്താലും ഇല്ലെങ്കിലും പ്രശ്നമില്ലെന്നും ഇനി ചർച്ചയ്ക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സിയാദ് കോക്കർ വ്യക്തമാക്കി. 

പ്രതിസന്ധി കൊടുമ്പിരി കൊണ്ടതോടെ ഫിയോക്കിനുള്ളില്‍ തന്നെ വലിയ പ്രതിസന്ധി ഉടലെടുത്തിരുന്നു. തിയറ്റർ ഉടമകള്‍ തന്നെ മലയാള സിനിമകള്‍ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ രംഗത്തു വന്നു. ഒട്ടേറെ മലയാള സിനിമകള്‍ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോള്‍ സിനിമ വ്യവസായത്തെ തളർത്താനേ ഇത്തരം നടപടികള്‍ ഉപകരിക്കൂ എന്നായിരുന്നു വിമർശനം. പ്രോജക്ടറുകളുടെ വില തിയറ്റർ ഉടമകൾ മുടക്കേണ്ടി വരുന്ന സാഹചര്യം, നിര്‍മാതാക്കൾ പറയുന്നവ വാങ്ങാനുള്ള അസൗകര്യം, 42 ദിവസത്തിനുള്ളില്‍ സിനിമ ഒടിടി റിലീസ് ചെയ്യുന്നു തുടങ്ങിയവ ആയിരുന്നു ഫിയോക് തങ്ങളുടെ തീരുമാനത്തിന് കാരണമായി പറഞ്ഞിരുന്നത്.

ഫെബ്രുവരി 22 മുതല്‍ ആയിരുന്നു ആദ്യം വിലക്ക് പ്രഖ്യാപിച്ചിരുന്നത് എങ്കിലും പിന്നീട് ഇത് ഒരു ദിവസം കൂടി നീട്ടി. അതിനിടെ, ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരും വാർത്താ സമ്മേളനം വിളിച്ചു. പിന്നാലെ അതേ സമയത്തു തന്നെ ഫിയോക് ചെയർമാൻ എന്ന നിലയിൽ ദിലീപും വാർത്താ സമ്മേളനം വിളിച്ചു. ഇതോടെ നിര്‍മാതാക്കളും വിതരണക്കാരും വാർത്താ സമ്മേളനം 5 മണിയിലേക്ക് മാറ്റി. നാലു മണിക്ക് നടന്ന വാർത്താ സമ്മേളനത്തിലാണ് ഫിയോക് ഒരു ചിത്രവും പ്രദർശിപ്പിക്കാതിരിക്കില്ലെന്നും ഇപ്പോഴുള്ളത് ‘സഹോദര സംഘടന’കളുമായുള്ള ചില പ്രശ്നങ്ങള്‍ മാത്രമാണെന്നും ദിലീപ് പറഞ്ഞത്. 

‌‘‘ഫിയോക്കിന്റെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായി. എന്നാൽ അത് തിയറ്റർ അടച്ചിട്ട സമരമോ ഒന്നുമല്ല. ഫിയോക് തുടങ്ങിയ കാലം മുതൽ തിയറ്റർ അടച്ചിടാതെ എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാം എന്നാണ് ആലോചിച്ചിട്ടുള്ളത്. നിര്‍മാതാക്കളുടെ അസോസിയേഷൻ, വിതരണക്കാരോടും ചേംബറിനോടും ഒക്കെയാണ് സിനിമ കുടുംബത്തിലെ കാര്യങ്ങള്‍ സംസാരിക്കുന്നത്. അതിനകത്തെ ചില പ്രശ്നങ്ങള്‍ വരുമ്പോള്‍ തട്ടിയും മുട്ടിയുമൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന കാര്യങ്ങളാണ്.

ഒരു തിയറ്ററുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ്. ഞാൻ നിർമാതാക്കളും വിതരണക്കാരുമായി സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാം എന്നതാണ് നിലപാട്. തിയറ്ററുകൾ അടയ്ക്കുന്നില്ല, മലയാളമല്ല, ഏതു സിനിമയാണെങ്കിലും പ്രദർശിപ്പിക്കും. സഹോദര സംഘടനകളുമായി ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കും. പ്രശ്നങ്ങള്‍ മുഴുവന്‍ പരിഹരിച്ചിട്ടില്ല’’, ദിലീപ് പറഞ്ഞു. 

നാദിർഷയുടെ ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ എന്ന സിനിമ ഫെബ്രുവരി 22ന് റിലീസ് തീരുമാനിച്ചിരുന്നു. സമരത്തിന്റെ പശ്ചാത്തലത്തിൽ ഇത് മാർച്ച് ഒന്നിലേക്ക് മാറ്റി. ദിലീപിന്റെ ‘തങ്കമണി’ സിനിമ മാർച്ച് ഏഴിന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിനിടെയാണ് തിയറ്റർ ഉടമകളുടെ വിലക്ക് വരുന്നത്. എന്നാൽ നാദിർഷയുടെ സിനിമയുടെ റിലീസുമായി ഇപ്പോഴത്തെ തീരുമാനത്തിന് ബന്ധമില്ല എന്നാണ് ദിലീപ് പ്രഖ്യാപിച്ചത്. ‘‘എന്റെ തങ്കമണി എന്ന സിനിമ ഏഴിനാണ് റിലീസ്. അടച്ചിടൽ സമരം ഉണ്ടെങ്കിൽ അത് പ്രഖ്യാപിക്കില്ലല്ലോ’’ – ദിലീപ് പറഞ്ഞു. വിജയകുമാറും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഫിയോക്ക് അയഞ്ഞതിനു ശേഷവും നിലപാട് മാറ്റാതെയായിരുന്നു നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടന നടത്തിയ വാർത്താ സമ്മേളനം. ഫിയോക് സമരം ചെയ്താലും ഇല്ലെങ്കിലും കുഴപ്പമില്ല. ഫിയോക്കിലെ ഭരണാധികാരികള്‍ മാറാതെ അവരെ അംഗീകരിക്കില്ല. ഇനി ചർച്ചകൾക്കില്ല. മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്നത് നിരുത്തരവാദപരമായ നിലപാടാണ്. ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും സിയാദ് കോക്കർ പറഞ്ഞു. ഒടിടി റിലീസ് ചെയ്യുന്ന സമയപരിധി കുറയ്ക്കണമെന്ന നിലപാട് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല എന്നാണ് നിർമാതാക്കൾ പറയുന്നുത്. നെറ്റ്‍ഫ്ലിക്സ്, ആമസോൺ പ്രൈം, സോണി ലിവ് തുടങ്ങിയ പ്രമുഖ ഒടിടി ചാനലുകൾ 28 ദിവസത്തിനുള്ളിൽ സിനിമ നൽകിയാൽ മാത്രമേ അംഗീകരിക്കൂ, അല്ലെങ്കിൽ അവർ സിനിമ എടുക്കില്ല എന്നതാണ് സാഹചര്യമെന്ന് നിർമാതാക്കള്‍ പറയുന്നു.

English Summary:

FEOUK won't stop release of Malayalam films release, will continue as it as

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com