മൂന്നാറിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം; ഭയപ്പാടിൽ ജനങ്ങൾ
Mail This Article
മൂന്നാർ∙ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ കൊല്ലപ്പെട്ടതിനു പിന്നാലെ മൂന്നാറിലെ ജനവാസമേഖലയിലേക്കിറങ്ങി കാട്ടാനക്കൂട്ടം. മൂന്നാർ കോളനിയിൽ ചൊവ്വാഴ്ച രാവിലെയാണ് അഞ്ച് ആനകൾ ഇറങ്ങിയത്. ഇതേതുടർന്ന് നാട്ടുകാർ ബഹളംവച്ച് ആനകളെ വനമേഖലയിലേക്ക് തുരത്തി. ആന ജനവാസമേഖലയോട് ചേർന്ന് തമ്പടിച്ചിരിക്കുകയാണ്. ആയിരത്തോളം കുടുംബങ്ങളാണ് മൂന്നാർ കോളനിയിൽ താമസിക്കുന്നത്. ഈ മേഖലയിൽ ഇന്നലെയും കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. സ്ഥലത്ത് വനംവകുപ്പിന്റെ വാച്ചർമാരെത്തിയിട്ടുണ്ട്. ഇവർ ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുകയാണ്.
ഇതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടത്തിൽ മൂന്നാറിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കെഡിഎച്ച് വില്ലേജ് പരിധിയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഇവിടെ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ തടഞ്ഞു. വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ജനങ്ങളുടെ പ്രതിഷേധം.
മൂന്നാറിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ കോൺഗ്രസും ആസൂത്രണം ചെയ്യുന്നുണ്ട്. മറ്റു പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
മൂന്നാർ കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ സുരേഷ് കുമാർ (മണി–46) ആണ് മരിച്ചത്. മൂന്നാർ പെരിയവര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാർക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇന്നലെ രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് സംഭവം.
മൂന്നാറിൽ നിന്നു കന്നിമലയിലേക്ക് 6 യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഒറ്റയാന്റെ മുന്നിൽ പെടുകയായിരുന്നു. കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ടപ്പോൾ ആനയുടെ കാലിലേക്കു തെറിച്ചുവീണ സുരേഷ് കുമാറിനെ ആന തുമ്പിക്കയ്യിലെടുത്ത് എറിയുകയായിരുന്നുവെന്നാണ് വിവരം. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാർ സംഭവസ്ഥലത്തു മരിച്ചു.
കന്നിമല ടോപ് ഡിവിഷനിൽ എസക്കിരാജ് (40), ഭാര്യ റജീന (37), മകൾ കുട്ടി പ്രിയ (11) എന്നിവരാണ് പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പരുക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു. നല്ലതണ്ണി ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടന്ന വാർഷികാഘോഷത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു എസക്കിരാജും ഭാര്യയും മകളും.
ഒറ്റയാൻ ഓട്ടോയ്ക്കു സമീപം നിലയുറപ്പിച്ചതിനാൽ പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നു.