നല്ല വിധി, സ്വാഗതം ചെയ്യുന്നു; കൂടുതൽ ഗൂഢാലോചന പുറത്തുവരണം, നിയമപോരാട്ടം തുടരും: കെ.കെ.രമ
Mail This Article
കൊച്ചി∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരായ വിധിയെ സ്വാഗതം ചെയ്ത് ടി.പിയുടെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ.രമ. നല്ല വിധിയെന്നു പറഞ്ഞ രമ മുഴുവൻ പ്രതികളും നിയമത്തിനു മുന്നിൽ വന്നിട്ടില്ലെന്നും പ്രതികരിച്ചു. കൂടുതൽ ഗൂഢാലോചന പുറത്തുവരണം. അതിനായി നിയമപോരാട്ടം തുടരുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
Read more: കൊടുംക്രൂരതയുടെ നോവ് മായുന്നില്ല; വ്യാഴവട്ടത്തിനിപ്പുറം നീതിയുടെ പ്രഹരം
‘‘നല്ല വിധിയാണ്, അതിനെ സ്വാഗതം ചെയ്യുന്നു. ചില പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ് കിട്ടിയത്. നേരത്തെ വിചാരണക്കോടതി ഗൂഢാലോചന ചുമത്താത്ത ആളുകൾക്കുമേൽ ഗൂഢാലോചന ചുമത്തി ശിക്ഷ വിധിച്ചിരിക്കുന്നു. ക്രൂരമായ കൊലപാതകം എന്നാണ് കോടതി പറഞ്ഞത്. രാഷ്ട്രീയം പറഞ്ഞതിന്റെ പേരിൽ, അല്ലെങ്കിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിന്റെ പേരിൽ ആരെയും കൊല്ലരുത് എന്ന സന്ദേശമാണ് ഈ വിധിയിൽ ഏറ്റവും പ്രധാനം.
മുഴുവൻ പ്രതികളും നിയമത്തിനു മുന്നിൽ വന്നിട്ടില്ല. അതുകൊണ്ടു തന്നെ മേൽക്കോടതിയിൽ അപ്പീൽ പോകും. ആലോചിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കും. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.’’– കെ.കെ.രമ പറഞ്ഞു.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. പ്രതികൾക്കാർക്കും വധശിക്ഷയില്ല. 1, 2, 3, 4, 5, 7 പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി. നേരത്തേ ഇവരെ ജീവപര്യന്തം തടവിനാണു ശിക്ഷിച്ചത്. പ്രതികൾക്ക് 20 വർഷത്തേക്ക് പരോളോ ശിക്ഷയിൽ ഇളവോ നൽകരുത്. പുതുതായി കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളായ കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തമാണു ശിക്ഷ. ടിപിയുടെ ഭാര്യ കെ.കെ.രമയ്ക്ക് 7.5 ലക്ഷം രൂപയും മകൻ അഭിനന്ദിന് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു. പ്രതികളെല്ലാം 1 ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഇല്ലെങ്കിൽ ഇതിനുള്ള തടവുശിക്ഷയും അനുഭവിക്കണം.