ADVERTISEMENT

മൂന്നാർ∙ ഓട്ടോറിക്ഷയിൽ പോകുന്നതിനിടെയുണ്ടായ കാട്ടാനയാക്രമണത്തില്‍ നിന്ന് രക്ഷപെട്ടിട്ടും നടുക്കം വിട്ടുമാറാതെ പരുക്കേറ്റ കുടുംബം. ഇന്നലെ രാത്രി കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് ഓട്ടോറിക്ഷയ്ക്കു നേരെ ഒറ്റയാന്റെ ആക്രമണമുണ്ടായത്. യാത്രക്കാരായ കന്നിമല ടോപ് ഡിവിഷനിൽ എസക്കിരാജ് (40), ഭാര്യ റജീന (37), മകൾ കുട്ടി പ്രിയ (11) എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർ മൂന്നാർ കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ സുരേഷ് കുമാർ (മണി–46) മരിച്ചിരുന്നു.

Read also: ഓട്ടോറിക്ഷ ആക്രമിച്ച കാട്ടാന ഡ്രൈവറെ എറിഞ്ഞുകൊന്നു; വൻ പ്രതിഷേധം, മൂന്നാറിൽ ഇന്ന് ഹർത്താൽ

ഇപ്പോഴും പേടി മാറിയിട്ടില്ലെന്ന് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റജീന പറഞ്ഞു. വഴിയില്‍ നിന്നിരുന്ന കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ടതോടെ ഡ്രൈവര്‍ സുരേഷ് അടിയില്‍പ്പെട്ടു. ഇയാളെ മൂന്നു തവണ ആന തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞു. തന്റെ ഭർത്താവിനെയും എടുത്തെറിഞ്ഞു. പുറകിൽ ജീപ്പിലെത്തിയവരാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും റജീന പറഞ്ഞു.,

നല്ലതണ്ണി ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടന്ന വാർഷികാഘോഷത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു എസക്കിരാജും ഭാര്യയും മകളും. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പരുക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു. ഒറ്റയാൻ ഓട്ടോയ്ക്കു സമീപം നിലയുറപ്പിച്ചതിനാൽ പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മൂന്നാറിലെ ആശുപത്രിയിൽ ആളുകൾ പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്.

അതേസമയം, മൂന്നാറില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നാട്ടുകാര്‍ വാഹനങ്ങള്‍ തടയുന്നു. വന്യജീവി ആക്രമണം തടയാന്‍ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. രണ്ടുമാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നാറില്‍ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് സുരേഷ്കുമാര്‍.

English Summary:

Munnar Elephant Attack: Injured Family Explains About Incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com