ADVERTISEMENT

ന്യൂഡൽഹി∙ സംസ്ഥാനത്തെ 10 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തർപ്രദേശിൽ നാടകീയ രാഷ്്ട്രീയ നീക്കങ്ങൾ. സമാജ്‌വാദി പാർട്ടിക്ക് കനത്ത തിരിച്ചടിയായി നിയമസഭയിൽ പാർട്ടിയുടെ ചീഫ് വിപ്പ് രാജിവച്ചു. ഉഞ്ചാഹറിൽ നിന്നുള്ള എംഎൽഎ കൂടിയായ മനോജ് കുമാർ പാണ്ഡെയാണ് രാജിവച്ചത്. സമാജ്‌വാദി പാർട്ടി എംഎൽഎമാരിൽ ചിലർ ബിജെപിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ചീഫ് വിപ്പ് തന്നെ രാജിവച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഒരുക്കിയ അത്താഴവിരുന്നിൽനിന്ന് എട്ട് എംഎൽഎമാർ വിട്ടുനിന്നിരുന്നു.

അതിനിടെ, സമാജ്‌വാദി പാർട്ടിയുടെ എംഎൽഎമാരെ ബിജെപി സമ്മർദ്ദത്തിലാക്കുന്നുവെന്ന ആരോപണവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. ഇന്നലെ ബിജെപിക്കെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ച അഖിലേഷ്, ബിജെപിയുടെ കുതന്ത്രങ്ങൾ വിലപ്പോവില്ലെന്ന് അവകാശപ്പെട്ടിരുന്നു. ‘‘ഇതാണ് അവരുടെ ശൈലി. അവർ ആളുകളിൽ ഭയം കുത്തിവയ്ക്കുന്നു. അവരെ ഭീഷണിപ്പെടുത്തുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുകയും പഴയ കേസുകൾ കുത്തിപ്പൊക്കുകയും ചെയ്യുന്നു. ഈ തിരഞ്ഞെടുപ്പിൽ ഇത്തരം തന്ത്രങ്ങളൊന്നും വിലപ്പോവില്ല’ – അഖിലേഷ് ഇന്നലെ പറഞ്ഞു.

അതേസമയം, ഇന്നു പ്രതികരിക്കുമ്പോൾ അഖിലേഷ് ആത്മവിശ്വാസം നഷ്ടമായ അവസ്ഥയിലായിരുന്നു. ‘‘സമാജ്‌വാദി പാർട്ടിയുടെ മൂന്നു സ്ഥാനാർഥികളും വിജയിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പു ജയിക്കാൻ ബിജെപിക്ക് ഏതു കുതന്ത്രവും പ്രയോഗിക്കാം. ജയിക്കാനായി അവർ എന്തും ചെയ്യുമെന്നും അറിയാം. വ്യക്തിപരമായ നേട്ടങ്ങൾ ലക്ഷ്യമിടുന്ന ഞങ്ങളുടെ ചില നേതാക്കൾ ബിജെപിയിലേക്കു പോയേക്കാം’ – അഖിലേഷ് പറഞ്ഞു.

കോൺഗ്രസ്, സമാജ്‌വാദി എംഎൽഎമാർ ക്രോസ് വോട്ടിങ് ചെയ്യുമോ എന്ന ആശങ്കയ്ക്കിടയിലാണ് രാജ്യസഭയിലേക്ക് കടുത്ത മത്സരം ഒരുങ്ങുന്നത്. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ. അശോക് ചവാൻ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ മുരുഗൻ എന്നിവരുൾപ്പടെ 56 സീറ്റുകളിലേക്കുള്ള 41 പ്രതിനിധികളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

ഉത്തർപ്രദേശിൽ ബിജെപി എട്ട് സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്. സമാജ്‌വാദി പാർട്ടി മൂന്നുപേരെയും. രണ്ടു പാർട്ടിയിലെയും എംഎൽഎമാർ പ്രതീക്ഷിച്ച പോലെ വോട്ട് രേഖപ്പെടുത്തുകയാണെങ്കിൽ ബിജെപിക്ക് ഏഴും സമാജ്‌വാദി പാർട്ടിക്ക് രണ്ടും അംഗങ്ങളെ വീതം എതിരില്ലാതെ അയയ്ക്കാൻ സാധിക്കും.

മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിങ്, മുൻ എംപി ചൗധരി തേജ്‌വിർ സിങ്, മുതിർന്ന സംസ്ഥാന നേതാവ് അമർപാൽ മൗര്യ, മുൻ മന്ത്രി സംഗീത ബാലവന്ത്, പാർട്ടി വക്താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധന സിങ്, മുൻ ആഗ്ര മേയർ നവീൻ ജെയ്ൻ എന്നിവരെയാണ് ബിജെപി മത്സരത്തിനായി നിർത്തിയിരിക്കുന്നത്. ഇതിനുപുറമേ ബി.ജെ.പി എട്ടാം സ്ഥാനാർഥിയായി സഞ്ജയ് സേത്തിനെ രംഗത്തിറക്കിയതോടെ ഒരു സീറ്റിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. അഭിനേത്രി ജയാ ബച്ചൻ, വിരമിച്ച ഐഎഎസ് ഓഫിസർ അലോക് രഞ്ജൻ, ദലിത് നേതാവ് ലാൽ സുമൻ എന്നിവരാണ് സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥികൾ.

സമാജ്‌വാദി പാർട്ടി ക്യാമ്പിൽ നിന്നുള്ള ക്രോസ് വോട്ടിലൂടെ എട്ടാമത്തെ സീറ്റ് ഉറപ്പിക്കാൻ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. എസ്പിയുടെ പത്ത് എംഎൽഎമാർ തങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതായി ബിജെപി‌ അവകാശപ്പെട്ടിരുന്നു.

English Summary:

Election for 15 Rajya Sabha seats across 3 states will be held today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com