‘ടിപി കേസിലെ വിധി ഫാഷിസ്റ്റ് നയങ്ങൾക്കേറ്റ തിരിച്ചടി; നീതിബോധമുള്ളവർ സ്വാഗതം ചെയ്യും’
Mail This Article
ദുബായ്∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധി സിപിഎമ്മിന്റെ ഫാഷിസ്റ്റ് നയങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ. കേസിൽ സിപിഎമ്മിന്റെ പങ്ക് ഈ വിധിയോടെ കൃത്യമായി കേരള സമൂഹത്തിനു മുൻപിൽ വെളിപ്പെട്ടിരിക്കുന്നു. കൊടും ക്രിമിനലുകൾക്കു വേണ്ടി കോടതിയിൽ കവചമൊരുക്കിയ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ ദേശീയതലത്തിൽ മറുപടി പറയാൻ നിർബന്ധിതമായി.
ഗുജറാത്തിലെ കൂട്ടക്കൊലയ്ക്കു സമാനമാണ് ഈ കേസും. ഗുജറാത്തിനെക്കുറിച്ചു വാചാലമാകുന്ന സിപിഎം ഈ കേസുമായി ബന്ധപ്പെട്ടവരെ പാർട്ടിയിൽനിന്നു പുറത്താക്കുമോ? കോടതി വിധി ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു കനത്ത തിരിച്ചടി നൽകുമെന്നും യുഡിഎഫ് വൻ ഭൂരിപക്ഷം നേടുമെന്നും ജോൺ പറഞ്ഞു.
Read Also: നല്ല വിധി, സ്വാഗതം ചെയ്യുന്നു; കൂടുതൽ ഗൂഢാലോചന പുറത്തുവരണം, നിയമപോരാട്ടം തുടരും: കെ.കെ.രമ
ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുംതോറും ഇന്ത്യ മുന്നണി ശക്തി പ്രാപിക്കുകയാണ്. കോൺഗ്രസിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. കോൺഗ്രസിൽ നിന്ന് ഏതെങ്കിലും നേതാക്കൾ ബിജെപിയിലേക്കു പോകുന്നതിനെ ആക്ഷേപിക്കുന്ന സിപിഎം അവരുടെ മുന്നണിയിലെ രണ്ടു പാർട്ടികൾ ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് മിണ്ടുന്നില്ല. ചില വ്യക്തികൾ പോയെങ്കിലും കോൺഗ്രസ് ഒരിക്കലും ബിജെപിയുെട പക്ഷത്തേക്കു പോയിട്ടില്ല.
എന്നാൽ, എൽഡിഎഫിലെ പാർട്ടികളുടെ കാര്യം അങ്ങനെയല്ല. എൻസിപിയും ജനതാദൾ എസ്സും ഇപ്പോൾ ബിജെപിയുടെ ഒപ്പമാണ്, ആ പാർട്ടിയിലെ ചില വ്യക്തികൾ മാത്രമാണ് സിപിഎമ്മിനൊപ്പമുള്ളത്. രാജ്യത്ത് ബിജെപിക്ക് വളരാൻ അവസരമുണ്ടാക്കി കൊടുക്കുന്നതാണ് തുടക്കം മുതൽ സിപിഎമ്മിന്റെ നിലപാടെന്നും സി.പി.ജോൺ പറഞ്ഞു.
നീതിബോധമുള്ള മുഴുവനാളുകളും വിധി സ്വാഗതം ചെയ്യും: മുല്ലപ്പള്ളി
കോഴിക്കോട്∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷ ഉയർത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധി നീതിബോധമുള്ള മുഴുവനാളുകളും സ്വാഗതം ചെയ്യുമെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതികളിൽ മിക്കവരും സ്ഥിരം കുറ്റവാളികളാണ്. ജയിലിൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയും ജയിലിലിരുന്നുകൊണ്ടുതന്നെ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തത് കോടതിക്കുതന്നെ ബോധ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ വലിയ അളവോളം ഈ വിധി സഹായകമാകും. പ്രതികൾക്ക് സിപിഎമ്മുമായുള്ള ബന്ധം ഒരിക്കലും നിഷേധിക്കാൻ കഴിയില്ല. കുറ്റവാളികളെ തീറ്റിപ്പോറ്റി രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന ശൈലി ഒരിക്കൽ കൂടി കേരളത്തിന് ബോധ്യപ്പെട്ടു. ചന്ദ്രശേഖരൻ കേസിലെ രാഷ്ട്രീയ ഗൂഢാലോചന ഇപ്പോഴും പൂർണമായി പുറത്തു വന്നിട്ടില്ലെന്നതിനാൽ അതുകൂടി സമഗ്രമായി അന്വേഷിക്കപ്പെടേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.