കൊടുംക്രൂരതയുടെ നോവ് മായുന്നില്ല; വ്യാഴവട്ടത്തിനിപ്പുറം നീതിയുടെ പ്രഹരം
Mail This Article
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ ശിക്ഷ ഇന്ന് ഹൈക്കോടതി ഉയർത്തിയപ്പോൾ ടി.പിയുടെ ചോരയ്ക്ക് ഒരു വ്യാഴവട്ടത്തിനിപ്പുറം നീതി ലഭിക്കുന്നു. പ്രതികൾക്ക് ആർക്കും വധശിക്ഷയില്ല, എന്നാൽ പുതുതായി കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളായ കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. 1, 2, 3, 4, 5, 7 പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ്. നേരത്തേ ഇവരെ ജീവപര്യന്തം തടവിനാണു ശിക്ഷിച്ചത്. ഇരുപതു വർഷം കഴിയാതെ പരോളോ ശിക്ഷയിൽ ഇളവോ ബാധകമല്ലെന്ന് കോടതി അറിയിച്ചു.
Read more: ടിപി കേസ്: വധശിക്ഷയില്ല; പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി, ഇരട്ടജീവപര്യന്തം
കോഴിക്കോട് വടകരയ്ക്കടുത്ത് വള്ളിക്കാടു വച്ച് 2012 മേയ് 4നാണ് ആർഎംപി സ്ഥാപക നേതാവ് ടി. പി. ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം വിട്ട് തന്റെ സ്വദേശമായ ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണു കേസ്. വിചാരണയ്ക്കു ശേഷം 2014ൽ കോഴിക്കോട് സെഷൻസ് കോടതി പ്രതികളായ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നിവർക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ലംബു പ്രദീപന് 3 വർഷത്തെ തടവും ശിക്ഷ വിധിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി. മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി. കെ. കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചു.
പ്രതികൾ, കുറ്റങ്ങൾ
എം.സി. അനൂപ്– കണ്ണൂർ പടന്തഴ സ്വദേശി
ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുക്കുകയും സംഘാംഗങ്ങളെ കൂട്ടിയിണക്കുകയും ചെയ്‌തു. 2012 ഏപ്രിൽ പത്തിന് കൊടി സുനിയുടെ താവളമായ ചൊക്ലി സമീറ ക്വാർട്ടേഴ്‌സിലും 24ന് സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായ പി.കെ. കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടിലും നടത്തിയ അനൂപ് ഗൂഢാലോചനയിൽ പങ്കാളിയായി. ഇന്നോവ കാർ വാടകയ്‌ക്ക് എടുത്ത് അതിൽ ആറംഗ സംഘത്തെ കയറ്റി ചൊക്ലിയിൽ നിന്നു വള്ളിക്കാട്ടെത്തി. ടിപിയെ കാറിടിച്ചു വീഴ്‌ത്തി. മറ്റുള്ളവർ ഇറങ്ങി വെട്ടി. ശേഷം ബെംഗളൂരുവിലേക്ക് കടന്നു. 2012 ജൂലൈ 11ന് ബാംഗ്ലൂരിൽ അറസ്‌റ്റിലായി. സിപിഎം അനുഭാവിയായ അനൂപ് ഒരു കൊലപാതകം അടക്കം അഞ്ചു കേസുകളിൽ പ്രതിയാണ്.
കിർമാണി മനോജ് – മാഹി പന്തക്കൽ സ്വദേശി
ടിപിയെ കൊല്ലാനായി 2012 ഏപ്രിൽ 24ന് പാനൂർ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ വീട്ടിൽ നടന്ന ഗൂഢാലോചനയിൽ കിർമാണി മനോജ് പങ്കാളിയായി. കൊലയാളി സംഘാംഗങ്ങളോടൊപ്പം 2012 മേയ് നാലിന് രാത്രി ചൊക്ലിയിൽ നിന്ന് വടകരയിലെ വള്ളിക്കാട്ടെത്തി. കാറിടിച്ചു വീഴ്‌ത്തിയ ടിപിയെ മറ്റുള്ളവർ വെട്ടുമ്പോൾ ഓടിയടുത്ത നാട്ടുകാരെ വിരട്ടാനായി ബോംബ് കൈവശം വക്കുകയും ഇത് കൊടി സുനിക്ക് കൈമാറുകയും ചെയ്‌തു. കൊലയ്‌ക്കു ശേഷം സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിലും പിന്നീട് കണ്ണൂർ ജില്ലയിലും ഒളിവിൽ കഴിഞ്ഞു. 2012 ജൂലൈ 14ന് മുടക്കോഴി മലയിൽ അറസ്‌റ്റിലായി. സിപിഎം അനുഭാവിയായ കിർമാണി, അഡ്വ. വൽസരാജക്കുറുപ്പ് വധം അടക്കം 16 കേസുകളിൽ പ്രതിയാണ്.
കൊടി സുനി – കണ്ണൂർ ചൊക്ലി സ്വദേശി
ടിപിയെ വധിക്കാനായി 2012 ഏപ്രിൽ 10ന് സ്വന്തം താവളമായ സമീറ ക്വാർട്ടേഴ്‌സിലും 24ന് കുഞ്ഞനന്തന്റെ വീട്ടിലും ഗൂഢാലോചനയിൽ പങ്കെടുത്തു. പിടിക്കപ്പെടാതിരിക്കാൻ നാലു പുതിയ ഫോണുകളും സിം കാർഡുകളും അഞ്ചു വാളുകളും കൂട്ടുപ്രതികൾ വഴി സംഘടിപ്പിച്ചു. ഇന്നോവ കാർ വാടകയ്‌ക്കെടുക്കാൻ 18-ാം പ്രതി റഫീഖിനെ ചുമലതപ്പെടുത്തി. മേയ് നാലിന് രാത്രി വള്ളിക്കാട്ട് എത്തി ടിപിയെ വെട്ടിയ ശേഷം നാട്ടുകാർക്കു നേരെ ബോംബെറിഞ്ഞു. ആദ്യം സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിലും പിന്നീട് കണ്ണൂർ ജില്ലയിലും ഒളിവിൽ കഴിഞ്ഞു. 2012 ജൂലൈ 14ന് മുടക്കോഴി മലയിൽ അറസ്‌റ്റിലായി. സിപിഎം അനുഭാവിയായ സുനി മാഹി ഇരട്ടക്കൊല, ഫസൽ വധം അടക്കം 37 കേസുകളിൽ പ്രതിയാണ്.
ടി.കെ. രജീഷ് – കണ്ണൂർ പാട്യം സ്വദേശി
ഗൂഢാലോചനകളിൽ പങ്കാളിയല്ല. മുംബൈയിലെ തൊഴിലിടത്തിൽ നിന്ന് നേരിട്ട് കൂത്തുപറമ്പിലെത്തി കൊലയാളി സംഘത്തൊപ്പം ചേർന്നു. ഇന്നോവ കാറിന്റെ മുൻസീറ്റിലായിരുന്ന രജീഷാണ് എതിർദിശയിൽ ബൈക്കിൽ വരുന്ന ടിപിയെ കണ്ടപ്പോൾ ഇടിച്ചു വീഴ്‌ത്താൻ എം.സി. അനൂപിനോട് നിർദേശിച്ചത്. കാറിൽ നിന്നിറങ്ങി ടിപിയെ വെട്ടിയ ശേഷം കൂത്തുപറമ്പിലേക്ക് മടങ്ങി രാത്രി ഹോട്ടലിൽ തങ്ങി. പിറ്റേന്ന് ഒന്നാം പ്രതിയോടൊപ്പം ആദ്യം ബെംഗളൂരുവിലേക്കും പിന്നീട് മുംബൈയിലേക്കും കടന്നു. 2012 ജൂൺ ഏഴിന് മഹാരോഷ്‌ട്ര-ഗോവ അതിർത്തിയിൽ അറസ്‌റ്റിലായി. സിപിഎം അനുഭാവിയായ രജീഷിനെതിരെ കെ.ടി. ജയകൃഷ്‌ണൻ വധം അടക്കം രണ്ട് കൊലക്കേസുകളുണ്ട്. ആകെ ആറു കേസുകളിൽ പ്രതിയായിരുന്നു.
കെ.കെ. മുഹമ്മദ് ഷാഫി – കണ്ണൂർ ചൊക്ലി സ്വദേശി
2012 ഏപ്രിൽ 24ന് സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായ പി.കെ. കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടിൽ നടന്ന ഗൂഢാലോചനയിൽ ഷാഫിയും പങ്കെടുത്തു. മേയ് നാലിന് ചൊക്ലിയിൽ നിന്ന് മറ്റുള്ളവരോടൊപ്പം ഇന്നോവ കാറിൽ വടകരയിലെ വള്ളിക്കാട്ടെത്തുകയും കാറിൽ നിന്നിറങ്ങി ടി.പി. ചന്ദ്രശേകരനെ വാളുപയോഗിച്ച് വെട്ടുകയും ചെയ്‌തു. ആദ്യം സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിലും പിന്നീട് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഒളിവിൽ കഴിഞ്ഞു. ഒടുവിൽ കൊടി സുനി, കിർമാണി മനോജ് എന്നിവർക്ക് ഒപ്പം മുടക്കോഴി മലയിലേക്ക് കടന്നു. 2012 ജൂലൈ 14ന് മുടക്കോഴി മലയിൽ നിന്ന് പൊലീസ് പിടികൂടി. സിപിഎം അനുഭാവിയായ ഷാഫിക്കെതിരെ അഞ്ചു കേസുകളുണ്ടായിരുന്നു.
എസ്. സിജിത്ത് – കണ്ണൂർ ചമ്പാട് സ്വദേശി
ഗൂഢാലോചനകളിൽ പങ്കാളിയാകാതെ കൊടി സുനിക്കും സംഘത്തിനുമൊപ്പം ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ 2012 മേയ് നാലിന് ഇന്നോവ കാറിൽ വടകരയിലെ വള്ളിക്കാട്ടെത്തി. കാറിടിച്ച് നിലത്തു വീണ ടിപിയെ സിജിത്തും വാളുപയോഗിച്ച് വെട്ടി. തിരികെ കാറിൽ കയറുമ്പോൾ ഏഴാം പ്രതി ഷിനോജിന്റെ വാൾ തട്ടി വലതു കൈത്തണ്ടയിൽ മുറിവേറ്റു. ചൊക്ലി സിഎംസി ആശുപത്രിയിലും പിന്നീട് കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലും മുറിവിനു ചികിൽസ തേടിയ ശേഷം മൈസൂറിലേക്ക് കടന്നു. 2012 മേയ് 22ന് മൈസൂറിൽ അറസ്‌റ്റിലായി. ഒന്നര വർഷമായി കോഴിക്കോട് ജില്ലാ ജയിലിലാണ്. കൈയിൽ അരിവാൾ ചുറ്റിക നക്ഷത്രം പച്ചകുത്തിയ സിപിഎം അനുഭാവി. ഒരു കൊലക്കേസിൽ പ്രതിയായിരുന്നു.
കെ. ഷിനോജ് – മാഹി പള്ളൂർ സ്വദേശി
ഗൂഢാലോചനകളിൽ പങ്കാളിയാകാതെ കൊടി സുനിക്കും സംഘത്തിനും ഒപ്പം ചേർന്ന് 2012 മേയ് നാലിന് ഇന്നോവ കാറിൽ വള്ളിക്കാട്ടെത്തി. കാറിടിച്ച് നിലത്തു വീണ ടി.പി. ചന്ദ്രശേഖരനെ ഏറ്റവും കൂടുതൽ തവണ വെട്ടിയത് ഷിനോജ് ആണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൊലയ്‌ക്കു ശേഷം സിപിഎം രഹസ്യ കേന്ദ്രങ്ങളിലേക്ക് ഒളിവിൽ പോയി. കൊലയാളി സംഘത്തിലെ ഏഴു പേരിൽ പൊലീസിനു പിടികൂടാൻ കഴിയാതെ പോയത് ഷിനോജിനെ മാത്രമാണ്. അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ, 2012 ജൂലൈ 10ന് രജികാന്ത് എന്ന പ്രതിയ്‌ക്കൊപ്പം വടകര മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങി. സിപിഎം അനുഭാവിയായ ഷിനോജിനെതിരെ മാഹി ഇരട്ടക്കൊല അടക്കം ആറു കേസുകളുണ്ടായിരുന്നു.
കെ.സി. രാമചന്ദ്രൻ – വടകര കുന്നുമ്മക്കര സ്വദേശി
കൊലപാതകത്തിന്റെ സൂത്രധാരൻ. 2012 ഏപ്രിൽ രണ്ടിന് ഓർക്കാട്ടേരിയിലെ പൂക്കടയിലും 10ന് കൊടി സുനിയുടെ താവളമായ ചൊക്ലി സമീറ ക്വാർട്ടേഴ്‌സിലും 20ന് കുഞ്ഞനന്തന്റെ വീട്ടിലും നടന്ന ഗൂഢാലോചനയിൽ പങ്കെടുക്കുകയും വധോദ്യമത്തിനായി 1,11,500 രൂപ പല ഘട്ടങ്ങളിലായി കൊലയാളി സംഘത്തിന് കൈമാറുകയും ചെയ്‌തു. വധോദ്യമത്തിനായി മാത്രം ഒരു സിം കാർഡും ഫോണും ഉപയോഗിക്കുകയും നശിപ്പിക്കുകയും ചെയ്‌തു. രണ്ടു വട്ടം കൊലയാളികൾക്ക് ടിപിയെ കാട്ടിക്കൊടുത്തു. കൊലയ്‌ക്ക് മിനിട്ടുകൾക്കു മുൻപ് ടിപിയുടെ ബൈക്കിന്റെ നമ്പർ കൊടി സുനിക്ക് ഫോണിൽ കൈമാറി. 2012 മേയ് 16ന് വടകരയിൽ അറസ്‌റ്റിലായി. സിപിഎം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം. ഒരു വധശ്രമക്കേസിൽ പ്രതി.
ട്രൗസർ മനോജൻ – കണ്ണൂർ കൊളവല്ലൂർ സ്വദേശി
കെ.സി. രാമചന്ദ്രന്റെയും ജ്യോതി ബാബുവിന്റെയും ആവശ്യാനുസരണം ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താനായി 2012 ഏപ്രിൽ 10ന് കൊടി സുനിയുടെ താവളമായ സമീറ ക്വാർട്ടേഴ്‌സിൽ നടന്ന ഗൂഢാലോചനയിൽ ട്രൗസർ മനോജനും പങ്കെടുത്തു. 2012 ഏപ്രിൽ 20ന് കെ.സി. രാമചന്ദ്രനൊപ്പം പി.കെ. കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടിലെത്തി ഗൂഢാലോചന നടത്തിയ സംഘത്തിലും ഇയാളുണ്ട്. ടിപിയുടെ കൊലപാതക ശേഷം കോഴിക്കോട്ടെത്തി രാമചന്ദ്രനിൽ നിന്ന് പണം വാങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തിയെങ്കിലും കോടതിയിൽ തെളിവായി വന്നില്ല. 2012 മേയ് 17ന് വടകരയിൽ അറസ്‌റ്റിലായ മനോജ് വിചാരണ തടവിൽ കഴിഞ്ഞെങ്കിലും പിന്നീട് ജാമ്യം നേടി. സിപിഎം കുന്നോത്തുപറമ്പ് മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. കൊലപാതകം അടക്കം നാലു കേസുകളിൽ പ്രതിയായിരുന്നു.
പി.കെ. കുഞ്ഞനന്തൻ – കണ്ണൂർ പാറാട് സ്വദേശി
കെ.സി. രാമചന്ദ്രന്റെ ആവശ്യപ്രകാരം ടി.പി. ചന്ദ്രശേഖരനെ വകവരുത്താനുള്ള ദൗത്യം ഏറ്റെടുത്തത് കുഞ്ഞനന്തനാണ്. ഇതിനായി ഒന്നാം പ്രതി എം.സി. അനൂപിനെയും സംഘത്തെയും ഏർപ്പാടാക്കി. 2012 ഏപ്രിൽ 20നും 24നും പാറാട്ടെ സ്വന്തം വീട്ടു മുറ്റത്ത് വച്ച് കൊടി സുനിയും സംഘവുമായി ചേർന്ന് ടിപിയെ വധിക്കാനുള്ള പദ്ധതി കുഞ്ഞനന്തൻ തയ്യാറാക്കി. കൊലയാളി സംഘവുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്‌തു. കൊലയ്‌ക്കു ശേഷം അന്വേഷണം ഊർജിതമായതോടെ മൈസൂർ, ബാംഗ്ലൂർ, ബൽഗാം തുടങ്ങിയ സ്‌ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു. 2012 ജൂലൈ 23ന് വടകര മജിസ്‌ട്രേട്ട് കോടതിയിലെത്തി കുഞ്ഞനന്തൻ കീഴടങ്ങി. സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു.
വാഴപ്പടച്ചി റഫീഖ് – മാഹി പള്ളൂർ സ്വദേശി
കൊടി സുനിയുടെ നിർദേശ പ്രകാരം വധോദ്യമത്തിനായി ഇന്നോവ കാർ തലശേരി സ്വദേശി കെ.പി. നവീൻദാസിൽ നിന്ന് നിന്ന് വാടകയ്‌ക്ക് എടുത്തു. ഇതിനായി സ്വന്തം പേരിൽ മുദ്രപത്രം വാങ്ങുകയും 25-ാം പ്രതി സി.കെ. രജികാന്തിൽ നിന്ന് ബാങ്ക് ചെക്ക് ലീഫ് വാങ്ങി ഒപ്പിട്ട് കാറുടമയ്‌ക്കു നൽകുകയും ചെയ്‌തു. 2012 ഏപ്രിൽ 24ന് പി.കെ. കുഞ്ഞനന്തന്റെ വീട്ടിൽ നടന്ന ഗൂഢാലോചനയിൽ പങ്കാളിയായി. കൃത്യത്തിനു ശേഷം ബാംഗ്ലൂരിലേക്ക് കടന്ന റഫീഖ് പിന്നീട് വടകരയിലെത്തി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. കൊലയ്‌ക്കു പിറ്റേന്നു തന്നെ റഫീഖിന്റെ പങ്ക് കണ്ടെത്തിയിരുന്നു. 2012 ജൂൺ 12ന് അറസ്‌റ്റിലായ റഫീഖിന് പ്രത്യേക രാഷ്‌ട്രീയമില്ല. മാസങ്ങളോളം ജയിലിൽ കഴിഞ്ഞെങ്കിലും പിന്നീട് ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങി.
ലംബു പ്രദീപൻ – കണ്ണൂർ ചൊക്ലി സ്വദേശി
ടിപിയെ വധിക്കാനുപയോഗിച്ച അഞ്ചു രക്‌തം പുരണ്ട വാളുകൾ കൊലയാളി സംഘത്തിൽ നിന്ന് ഏറ്റുവാങ്ങി ചൊക്ലി വാസുദേവ സർവീസ് സ്‌റ്റേഷനു പിന്നിലെ കിണറ്റിൽ ഉപേക്ഷിച്ചു. തെളിവു നശിപ്പിച്ചെന്ന കുറ്റമാണ് ഇയാൾക്കു മേൽ ചുമത്തിയത്. കൊലയ്‌ക്കു മുൻപ് ചൊക്ലിയിൽ വച്ച് കൊടി സുനിക്കും സംഘത്തിനും ഒപ്പം ഇന്നോവ കാറിൽ സഞ്ചരിക്കുകയും ബിജെപി പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ബിജെപി പ്രവർത്തകരുടെ പരാതി പ്രകാരവും ലംബു പ‘ദീപനെതിരെ പാനൂർ പൊലീസ് കേസെടുത്തു. ലംബുവിന്റെ തെളിവെടുപ്പിന് സാക്ഷികളായി സർക്കാർ ഉദ്യോഗസ്‌ഥരെയാണ് അന്വേഷണ സംഘം നിയോഗിച്ചത്. 2012 മേയ് 15ന് അറസ്‌റ്റിലായി. വിചാരണത്തടവിൽ കഴിയുകയും ജാമ്യം ലഭിക്കുകയും ചെയ്‌തു.
രാഷ്‌ട്രീയ കാരണങ്ങളാലാണു ടി.പി. ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടതെന്നും രാഷ്‌ട്രീയ ശത്രുക്കളുടെ *കയ്യിലെ ഉപകരണങ്ങളായി പ്രവർത്തിക്കുകയായിരുന്നു കൊലയാളിസംഘമെന്നും വിലയിരുത്തിയ കോടതി, ഗൂഢാലോചകരായ മൂന്നു സിപിഎം നേതാക്കളും ഏഴു കൊലയാളികളും അടക്കം 11 പേർക്കു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഉയർന്നു വരുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ നേതാവായിരുന്ന ടിപിയോടുള്ള രാഷ്‌ട്രീയ വിദ്വേഷം തന്നെയാണു കൊലയ്‌ക്കു കാരണമെന്നും സിപിഎമ്മിനു തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി ആർഎംപിയുമായുള്ള ശത്രുതയ്‌ക്ക് ആക്കം കൂട്ടുകയായിരുന്നെന്നും ഒരു വർഷം നീണ്ട വിചാരണ നടപടികൾക്കു ശേഷം 2014ൽ പുറപ്പെടുവിച്ച 357 പേജുള്ള വിധിന്യായത്തിൽ അഡീഷനൽ സെഷൻസ് ജഡ്‌ജി ആർ. നാരായണ പിഷാരടി ചൂണ്ടിക്കാട്ടി.