മോദിയുടെയും സ്റ്റാലിന്റെയും പിന്നിൽ ചൈനീസ് റോക്കറ്റ്; ഡിഎംകെ പരസ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി
Mail This Article
ചെന്നൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിൽ ചൈനീസ് പതാകയുള്ള റോക്കറ്റ് ഉൾപ്പെടുന്ന പരസ്യം! മറ്റുള്ളവർ ചെയ്യുന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുക മാത്രമാണ് ഡിഎംകെ സർക്കാരിന്റെ പണിയെന്നു പരിഹസിച്ച് മോദിയും ബിജെപിയും രംഗത്തെത്തി.
തമിഴ്നാട്ടിൽ ഐഎസ്ആർഒ പുതിയതായി സ്ഥാപിക്കുന്ന വിക്ഷേപണ കേന്ദ്രത്തിന്റെ അവകാശവാദം ഉന്നയിക്കുന്നതിനു ചൈനയുടെ സ്റ്റിക്കർ ഉപയോഗിക്കാൻ പോലും ഡിഎംകെ മടിക്കുന്നില്ലെന്നാണു മോദി കുറ്റപ്പെടുത്തിയത്. സ്ഥലം എംഎൽഎയും തമിഴ്നാട് മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണനാണു പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകിയത്.
ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്തിൽ ഐഎസ്ആർഒയുടെ രണ്ടാം ബഹിരാകാശ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ മോദി വരുന്നതുമായി ബന്ധപ്പെട്ടു നൽകിയ പരസ്യമാണ് വിവാദത്തിലായത്. ബുധനാഴ്ച രാവിലെയായിരുന്നു തറക്കല്ലിടൽ ചടങ്ങ്. വിക്ഷേപണത്തറ സ്ഥാപിക്കുന്ന തിരുചെന്ദൂർ മണ്ഡലത്തിന്റെ എംഎൽഎയാണ് അനിത ആർ. രാധാകൃഷ്ണൻ.
ഡിഎംകെയിൽ കുടുംബാധിപത്യമാണെന്നു തിരുനെൽവേലിയിൽ നടന്ന ചടങ്ങിൽ മോദി പറഞ്ഞു. ‘‘മറ്റുള്ളവർ ചെയ്തതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കുകയാണു പരിപാടി. ആർക്കറിയാം നമ്മുടെ പല പദ്ധതികളിലും അവർ അവരുടെ സ്റ്റിക്കറുകൾ ഉൾപ്പെടുത്തുന്നുണ്ടോ എന്ന്. ഇത്തവണ അവർ പരിധി വിട്ടു. ഒരിക്കലും പണിയെടുക്കാത്ത പാർട്ടിയാണ് ഡിഎംകെ. എന്നാൽ മറ്റുള്ളവരുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ മുൻപരാണ്. നമ്മുടെ പല പദ്ധതികളും അവരുടെ പേരു നൽകി, അവരുടേതാക്കിയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ത്യയുടെ പുരോഗതി കാണാൻ ഡിഎംകെ നേതാക്കൾ തയാറല്ല. നമ്മുടെ ശാസ്ത്രജ്ഞരെയും ബഹിരാകാശ മേഖലയെയും നിങ്ങളുടെ നികുതിപ്പണത്തെയും അവർ അപമാനിച്ചു.
Read more at: കമൽഹാസനായി സിപിഎമ്മിന്റെ കോയമ്പത്തൂർ സീറ്റിൽ നോട്ടമിട്ട് ഡിഎംകെ; പകരം തെങ്കാശി നൽകും
ഡിഎംകെ രാഷ്ട്രീയത്തിൽ പ്രധാന്യം നൽകുന്നത് അവരുടെ കുടുംബത്തിനാണ്. ബിജെപി സർക്കാർ വികസനത്തിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. തമിഴ്നാടിന്റെ വികസനത്തിന്റെ പദ്ധതിയെന്തെന്ന് കുടുംബാധിപത്യമുള്ള ഡിഎംകെ, കോൺഗ്രസ് പാർട്ടികളോടു ചോദിച്ചാൽ അവർക്ക് ഉത്തരമുണ്ടാകില്ല’’ – മോദി കൂട്ടിച്ചേർത്തു. 950 കോടിയുടെ പദ്ധതിയാണ് കുലശേഖരപട്ടണത്തേത്.
‘‘ഡിഎംകെയ്ക്ക് ചൈനയോടുള്ള പ്രതിബദ്ധതയാണ് ഈ പരസ്യം വഴി പുറത്തുവന്നത്. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തോട് അവർക്ക് തീർത്തും അനാദരവാണ്. ഐഎസ്ആർഒയുടെ പദ്ധതി പ്രഖ്യാപിച്ചപ്പോൾത്തന്നെ എല്ലായിടത്തും സ്റ്റിക്കറുകൾ പതിപ്പിക്കാൻ ഡിഎംകെ അക്ഷമരായിരുന്നു’’ – ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. പരസ്യം ചെയ്തയാൾക്ക് എവിടെനിന്നാണ് ഈ പടം ലഭിച്ചതെന്ന് അറിയില്ലെന്ന് ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. അനിത ആർ. രാധാകൃഷ്ണൻ ഇതുവരെ പ്രതികരിക്കാൻ തയാറായില്ല.