ADVERTISEMENT

തൃശൂർ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരത്തുനിന്ന് നടി ശോഭന മത്സരിക്കില്ലെന്ന് ശശി തരൂർ എംപി.  നിരാശയിൽ നിന്നാണ് തിരുവനന്തപുരത്ത് ബിജെപിക്ക് ഒട്ടേറെ പേരുകൾ ഉയരുന്നത്. ഗുരുവായൂർ സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘നടി ശോഭന എന്റെ നല്ല സുഹൃത്താണ്. അവർ തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന കാര്യം ഫോണിൽ അറിയിച്ചിരുന്നു. പലപ്പോഴായി പല പേരുകളാണ് ബിജെപി ഉയർത്തുന്നത്. അവരുടെ നിരാശയെ തുടർന്നാണ് പല പേരുകൾ പറയുന്നത്. ഇത്തരത്തിലുള്ള ബിജെപിയുടെ പ്രചാരണം ഭയം കൊണ്ടാണ്. ആരൊക്കെ വരുമെന്നറിയാൻ കാത്തിരിക്കുകയാണ്.

തിരുവനന്തപുരത്തെ സ്ഥാനാർഥികളെ വിലകുറച്ചു കാണുന്നില്ല. ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല. അങ്ങനെയെങ്കിൽ കോൺഗ്രസിനെതിരെ സിപിഐ മത്സരിക്കരുത്. രാഹുൽ ഗാന്ധിയുടെ സീറ്റിൽ തീരുമാനമായിട്ടില്ല. രാഹുലിനെ മത്സരിപ്പിക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്’’– ശശി തരൂർ പറഞ്ഞു.

Read More:ചന്ദനക്കുട നേർച്ചയിൽ പങ്കെടുത്ത് എ.ആർ.റഹ്മാൻ; പിന്തുടർന്ന് ആരാധകർ, ഓട്ടോയിൽ കയറി ‘രക്ഷപ്പെട്ടു’ 

ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണെന്നും, ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ സ്ഥാനാർഥിയാകണമെന്നും കഴിഞ്ഞ ദിവസം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പറഞ്ഞിരുന്നു. പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിർമാതാവ് സുരേഷ്കുമാറിന്റെയും പേരുകൾ ബിജെപി പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് എത്തിയതോടെയാണ് നടി ശോഭന ബിജെപിയിലേക്കെന്ന് അഭ്യൂഹമുയർന്നത്. 

English Summary:

Loksabha Election 2024: Sashi Tharoor about Shobana contestinf from Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com