ADVERTISEMENT

മലപ്പുറം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എം.പി.അബ്ദുസമദ് സമദാനിയും സീറ്റുകൾ വച്ചുമാറി മത്സരിക്കും. നിലവിൽ പൊന്നാനിയിൽ നിന്നുള്ള എംപിയായ ഇ.ടി, മലപ്പുറം മണ്ഡലത്തിലും മലപ്പുറത്തു നിന്നുള്ള സമദാനി പൊന്നാനിയിലും സ്ഥാനാർഥികളാകും.

Read also: യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി; ലീഗിന് മൂന്നാം സീറ്റില്ല, കോൺഗ്രസ് 16 സീറ്റിൽ മത്സരിക്കും

2 മണ്ഡലങ്ങളിലും എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളായതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപേ പ്രചാരണച്ചൂടിലേക്ക്. തമിഴ്നാട്ടിലെ രാമനാഥപുരത്ത് നവാസ് കനിയാണ് ലീഗ് സ്ഥാനാർഥി. 

ഇ.ടി.മുഹമ്മദ് ബഷീർ

2009, 2014, 2019 തിരഞ്ഞെടുപ്പുകളിൽ പൊന്നാനിയിൽ ഹാട്രിക് വിജയം സ്വന്തമാക്കി. ഇത്തവണ മലപ്പുറത്ത് കന്നിയങ്കത്തിന് ഇറങ്ങുന്നു. 1985ൽ പെരിങ്ങളത്തുനിന്നും 1991, 96, 2001 വർഷത്തിൽ തിരൂരിൽനിന്നും  ലീഗ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് വിജയിച്ചു. 1991ൽ കെ.കരുണാകരൻ മന്ത്രിസഭയിലും (1991 ജൂൺ– 95 മാർച്ച്) പിന്നീടുവന്ന എ.കെ.ആന്റണി മന്ത്രിസഭയിലും (95 മാർച്ച്– 96 മേയ്)അംഗമായി. വിദ്യാഭ്യാസമായിരുന്നു വകുപ്പ്. പിന്നീട് മന്ത്രിയാകുന്നത് 2004ൽ ആണ്. 2004 ഓഗസ്റ്റ് മുതൽ 2006 മേയ് വരെയുണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാരിലായിരുന്നു മന്ത്രിസ്ഥാനം കിട്ടിയത്. വിദ്യാഭ്യാസം തന്നെയായിരുന്നു വകുപ്പ്. നിലവിൽ പൊന്നാനിയിൽനിന്നുള്ള എംപിയാണ്. 1946 ജൂലൈ 1 നു വാഴക്കാട് മപ്രത്താണ് ജനനം.

അബ്ദുസമദ് സമദാനി

ലോക്സഭയിലേക്ക് ഇത് രണ്ടാം അങ്കമാണ്. പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടർന്ന് 2021ൽ മലപ്പുറം ലോക്സഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ലക്ഷം ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ മലപ്പുറത്തുനിന്ന് കന്നിയങ്കം. 2 തവണ രാജ്യസഭാ എംപിയും (1994–2006) ഒരു തവണ എംഎൽഎയും (2011–16) ആയിരുന്നു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയാണ്. വിവിധ രാജ്യങ്ങളിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ  പ്രതിനിധി സംഘത്തിൽ അംഗമായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം അംഗമായും പ്രവർത്തിച്ചു.

English Summary:

Lok Sabha Elections: IUML announced candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com