റാണ ഗോസ്വാമി ബിജെപിയിലേക്ക്? ‘കോൺഗ്രസിലെ കരുത്തനായ നേതാവ്, വന്നാൽ സ്വീകരിക്കും’: ഹിമന്ത ബിശ്വ ശർമ
Mail This Article
ദിസ്‍പുർ∙ കോൺഗ്രസിൽനിന്നു രാജിവച്ച മുതിർന്ന നേതാവ് റാണ ഗോസ്വാമി ബിജെപിയിലേക്കു വന്നാൽ സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. റാണ ഗോസ്വാമി ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു തനിക്ക് അതിനെക്കുറിച്ചു ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും എന്നാൽ കോൺഗ്രസിലെ കരുത്തനായ നേതാവായ അദ്ദേഹം ബിജെപിയിൽ ചേരുകയാണെങ്കിൽ സ്വാഗതം ചെയ്യുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
Read Also: ബിഹാറിൽ മഹാസഖ്യത്തിലെ നാല് എംഎൽഎമാർ കൂടി എൻഡിഎയിൽ ചേരും: ജിതൻ റാം മാഞ്ചി
കോൺഗ്രസിൽനിന്നു രാജിവച്ച റാണ ഗോസ്വാമി ബിജെപിയിൽ ചേർന്നേക്കുമെന്നാണു വിവരം. ബിജെപി നേതാക്കളുമായി ഗോസ്വാമി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയാണ്. അസം ബിജെപി പ്രസിഡന്റ് ബാബേഷ് കാലിത ന്യൂഡൽഹിയിലെത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ന്യൂഡൽഹിയിലുണ്ട്. ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഗോസ്വാമി ബിജെപിയിൽ ചേരുമെന്നാണു വിവരം. കോൺഗ്രസ് ജറനൽ സെക്രട്ടറി കെ.സി.വേണുഗോപാലിനാണു ഗോസ്വാമി രാജിക്കത്ത് നൽകിയത്. അസം കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവയ്ക്കുന്നെന്നാണു കത്തിലുള്ളത്.
രാജി സംബന്ധിച്ചു പാർട്ടിക്ക് ഒരു വിശദീകരണവും ഗോസ്വാമി തന്നിട്ടില്ലെന്നായിരുന്നു അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകി പറഞ്ഞത്. ഗോസ്വാമിക്കു നിരവധി പദവികൾ കോൺഗ്രസ് നൽകിയിരുന്നെന്നും പാർട്ടി അദ്ദേഹത്തെ ചതിച്ചിട്ടില്ലെന്നും പാർട്ടി വിട്ടത് എന്തിനെന്ന് അദ്ദേഹം വിശദീകരിക്കണമെന്നും ദേബബ്രത സൈകി പറഞ്ഞു. ‘‘ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെചൊല്ലി ഈയടുത്ത് വ്യാപകമായി ഒരു ഭയം ആളുകൾക്കുണ്ട്. വ്യക്തിപരമായ താൽപര്യങ്ങൾക്കുവേണ്ടി ആളുകള്‍ ബിജെപിയിൽ ചേരുകയാണ്’’– എന്തുകൊണ്ടാണ് നിരവധി കോൺഗ്രസ് നേതാക്കൾ ഇതിനോടകം ബിജെപിയിൽ ചേർന്നതെന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ദേബബ്രത സൈകി.