1993ലെ ട്രെയിൻ സ്ഫോടന കേസ്; ലഷ്കറെ തയിബ നേതാവ് അബ്ദുൽ കരീം തുണ്ടയെ കോടതി വെറുതെവിട്ടു
Mail This Article
ജയ്പൂർ∙ 1993ലെ ട്രെയിൻ സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്ത ലഷ്കറെ തയിബ നേതാവ് അബ്ദുൽ കരീം തുണ്ടയെ ടാഡ കോടതി വെറുതെവിട്ടു. തുണ്ടക്കെതിരെ തെളിവില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് ടാഡ കോടതി കുറ്റവിമുക്തനാക്കിയത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികത്തോട് അനുബന്ധിച്ചു നടന്ന സ്ഫോടനത്തില്‍ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്കു പുരുക്കേൽക്കുകയും ചെയ്തിരുന്നു. ലക്നൗ, കാൺപൂർ, ഹൈദരാബാദ്, സൂറത്ത്, മുംബൈ എന്നിവിടങ്ങളിലാണു 1993 ഡിസംബർ ആറിനു സ്ഫോടനമുണ്ടായത്.
1996ലെ ബോംബ് സ്ഫോടന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണു തുണ്ട. ഇയാൾ നിരവധി ബോംബ് സ്ഫോടന കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ബോംബ് നിർമാണത്തിൽ വിദഗ്ധനായിരുന്ന ഇയാൾ ഡോ.ബോംബ് എന്നാണ് അറിയപ്പെട്ടിരുന്നത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയാണ്.
അതേസമയം, കേസിലെ മറ്റു രണ്ട് പ്രതികളായ ഇർഫാൻ (70), ഹമീദുദ്ദീൻ (44) എന്നിവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇവരെ ശിക്ഷിച്ചു കൊണ്ടുള്ള കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ഇരുവരുടെയും അഭിഭാഷകനായ അബ്ദുൽ റഷീദ് പറഞ്ഞു. പക്ഷാഘാതത്തെ തുടർന്ന് ശരീരത്തിന്റെ എഴുപതു ശതമാനവും തളർന്ന ഇർഫാൻ 17 വർഷവും ഹമീദുദ്ദീൻ 14 വർഷവും ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.