‘സിപിഎമ്മും ലീഗും സഖ്യത്തിൽ; കുഞ്ഞാലിക്കുട്ടിയും എളമരം കരീമും ഇരട്ടപെറ്റ മക്കൾ, മുഖ്യം സാമ്പത്തികം’
Mail This Article
കോഴിക്കോട് ∙ മലബാറിൽ സിപിഎമ്മും മുസ്‌ലിം ലീഗും തമ്മിലുള്ള അവിശുദ്ധസഖ്യം മറനീക്കി പുറത്തുവന്നുവെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. 6 സീറ്റിൽ വരെ മത്സരിക്കാൻ ലീഗിന് അർഹതയുണ്ടെന്നാണ് എൽഡിഎഫ് കൺവീനർ പറഞ്ഞത്. പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ മത്സരിക്കില്ലെന്ന പറഞ്ഞയാൾ എൽഡിഎഫ് സ്ഥാനാർഥിയായി. ഇ.ടി. മത്സരിക്കില്ലെന്നു സിപിഎം നേതാക്കൾ സ്ഥാനാർഥിക്ക് ഉറപ്പു നൽകിയിരുന്നു. ഇ.ടി. മത്സരിക്കില്ലെന്നു സിപിഎം എങ്ങനെ നേരത്തേ അറിഞ്ഞു? തിരഞ്ഞെടുപ്പിനുശേഷം ലീഗും സിപിഎമ്മും പരസ്യമായ ബാന്ധവത്തിലേക്കു പോകും.
എളമരം കരീമാണ് ഇതിന്റെ ഇടനിലക്കാരൻ. വ്യവസായികളുമായി കുഞ്ഞാലിക്കുട്ടിക്കും എളമരം കരീമിനുമുള്ള ബന്ധം എല്ലാവർക്കും അറിയാം. ലീഗ്–സിപിഎം ബന്ധത്തിനു പുറകിൽ കുഞ്ഞാലിക്കുട്ടി–എളമരം കരീം അച്ചുതണ്ടാണ്. ധാരണയിലാണ് എൽഡിഎഫും ലീഗും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മുസ്‌ലിം വോട്ടുകൾക്കാണു സിപിഎം ശ്രമം. സിപിഎം പൊന്നാനിയിൽ എന്തുകൊണ്ട് ജാതിയും മതവും നോക്കാതെ മറ്റൊരു സ്ഥാനാർഥിയെ പരിഗണിച്ചില്ല? മലബാറിൽ ലീഗുമായി സിപിഎമ്മിനു ധാരണയുണ്ട്. സംഘടിത മുസ്‌ലിം വോട്ടിനു വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനെതിരെ സിപിഎമ്മിലെ സാധാരണ പ്രവർത്തകർ രംഗത്തു വരണം.
Read Also: ‘സിദ്ധാർഥനു നേരെ ആൾക്കൂട്ട വിചാരണ നടന്നു; കസ്റ്റഡിയിലായത് സംഭവത്തിൽ നേരിട്ട് പങ്കുള്ളയാൾ’...
യുഡിഎഫ് നേതൃത്വം അറിഞ്ഞുകൊണ്ടാണോ ഇത് നടന്നിട്ടുള്ളത്? ലീഗ് നേതൃത്വത്തെ എന്തിനാണു കോൺഗ്രസ് ഭയക്കുന്നത്? ലീഗ് ഒരേ സമയം സിപിഎമ്മുമായും കോൺഗ്രസുമായും വിലപേശൽ നടത്തുകയാണ്. ചില ആളുകളുടെ വോട്ടിനു മൂല്യം കൂടുതലുണ്ടെന്നാണു സിപിഎം കരുതുന്നത്. കുഞ്ഞാലിക്കുട്ടിയും എളമരം കരീമും ഇരട്ടപെറ്റ മക്കളാണ്. രണ്ടു പേർക്കും സാമ്പത്തികമാണു മുഖ്യം. പൂക്കോട്ട് വിദ്യാർഥി സിദ്ധാർഥ് മരിച്ചതിൽ പ്രതികളെ സംരക്ഷിച്ചതു സിപിഎമ്മാണ്. കേരളം ലജ്ജിക്കേണ്ട സംഭവമാണിത്.
കൊലപാതകക്കുറ്റമാണു ചുമത്തേണ്ടത്. നിലവിൽ ദുർബലമായ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ക്രിമിനലുകളെ ക്യാംപസിലേക്ക് അഴിച്ചുവിട്ടവരാണ് എസ്എഫ്ഐ. ഗവർണർ ക്രിമിനൽ എന്നു വിളിച്ചപ്പോൾ സിപിഎമ്മിനു നൊന്തു. ഇതിനേക്കാൾ വലിയ ക്രിമിനൽ കുറ്റമെന്താണ്? ഒരു വിദ്യാർഥിയെ കൊന്നു കെട്ടിത്തൂക്കുകയാണ് ചെയ്തത്. രോഹിത് വെമുലയ്ക്കു വേണ്ടി ലേഖനമെഴുതിയവർ എവിടെപ്പോയി? ക്യാംപസുകൾ കേന്ദ്രീകരിച്ച് എസ്എഫ്ഐ ക്രിമിനൽ പ്രവർത്തനം നടത്തുകയാണ്. എസ്എഫ്ഐയെ പിരിച്ചുവിടാൻ സിപിഎം തയാറാകണം. വയനാട് ബിജെപി ജില്ലാ അധ്യക്ഷനെ മാറ്റിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാൽ അവധി നൽകുകയാണ് ചെയ്തത്– എം.ടി.രമേശ് പറഞ്ഞു.