ADVERTISEMENT

മുംബൈ∙ ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖർജിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പരമ്പരയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി. ‘ദി ഇന്ദ്രാണി മുഖർജി സ്റ്റോറി: ബറീഡ് ട്രൂത്ത്’ എന്ന ഡോക്യുമെന്ററി പരമ്പരയുടെ റിലീസ് കേസിന്റെ വിചാരണ പൂർത്തിയാകുന്നതു വരെ തടയണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഫെബ്രുവരി 23നു റിലീസ് നിശ്ചയിച്ചിരുന്ന പരമ്പര, കോടതി ഇടപെടലിനെ തുടർന്ന് 29 വരെ റിലീസ് ചെയ്യില്ലെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു.

Read also: ചേർത്തലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന യുവതി കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചു

മുംബൈയിലെ പ്രത്യേക കോടതി സിബിഐയുടെ ഹർജി തള്ളിയതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 22ന് വാദം കേൾക്കുന്നതിനിടെ, ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, പരമ്പരയുടെ പ്രത്യേക സ്‌ക്രീനിങ് സിബിഐയ്‌ക്കായി നടത്താൻ നെറ്റ്ഫ്ലിക്സിനോട് നിർദേശിച്ചിരുന്നു.

ഇന്ദ്രാണിയുടെ മകൻ മിഖായേൽ (ഷീനയുടെ സഹോദരൻ), പീറ്റർ മുഖർജി, ഇന്ദ്രാണിയുടെ മകൾ വിധി മുഖർജി എന്നിവരുൾപ്പെടെ അഞ്ച് പേരുടെ അഭിമുഖം പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നെറ്റ്ഫ്ലിക്സിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ രവി കദം കോടതിയെ അറിയിച്ചു. ഈ അഞ്ചുപേരിൽ മൂന്നു സാക്ഷികളുടെ മൊഴികൾ വിചാരണക്കോടതി രേഖപ്പെടുത്താനുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. 237 സാക്ഷികളിൽ 89 പേരെ വിചാരണക്കോടതിയിൽ ഇതുവരെ വിസ്തരിച്ചുവെന്ന് സിബിഐ അറിയിച്ചു.

24 വയസ്സുകാരിയായ ഷീനയെ അമ്മ ഇന്ദ്രാണി മുഖർജിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവർ ശ്യാംവർ റായിയും ചേർന്ന് പീറ്ററുമായുള്ള ഗൂഢാലോചന നടത്തി 2012 ഏപ്രിൽ 24ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2015ൽ മറ്റൊരു കേസിൽ ശ്യാംവർ റായി അറസ്റ്റിലായതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. പീറ്ററിന്റെ ആദ്യ വിവാഹത്തിലെ മകനാണ് രാഹുൽ. രാഹുലുമായുമുള്ള ഷീനയുടെ പ്രണയ ബന്ധമാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് സിബിഐ നിഗമനം. 2022ൽ ഇന്ദ്രാണിക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

English Summary:

CBI plea seeking to halt Indrani Mukerjea docu-series' release dismissed by court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com