തയ്‌വാൻ അതിർത്തിയോടടുത്ത് ചൈനീസ് യുദ്ധ വിമാനങ്ങളും കപ്പലുകളും
Mail This Article
തായ്പേയ്∙ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് നാവിക കപ്പലുകളും രാജ്യത്തിനു സമീപം എത്തിയതായി തയ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം. ചൈനയുടെ നടപടിക്കുശേഷം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി തയ്‌വാൻ യുദ്ധ വിമാനങ്ങളും നാവിക കപ്പലുകളും വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളും വിന്യസിച്ചിരുന്നു.
തയ്‌വാൻ ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച് തയ്‌വാന് സമീപം ഫെബ്രുവരിയിൽ 253 തവണ ചൈനയുടെ യുദ്ധ വിമാനവും 150 തവണ നാവിക കപ്പലുകളും തയ്‌വാൻ കണ്ടെത്തിയിരുന്നു. 2020 സെപ്റ്റംബർ മുതൽ ചൈന തയ്‌വാനു സമീപം ഗ്രേ സോൺ ബലപ്രയോഗം തുടരുകയാണ്. തയ്‌വാനിലേക്കുള്ള കടന്നുകയറ്റം മറച്ചുവയ്ക്കുന്നതിനായി ചൈന സൈനികാഭ്യാസത്തിനു മുതിർന്നേക്കുമെന്നു ഫെബ്രുവരി 14ന് യുഎസിന്റെ ഇന്തോ–പസിഫിക് കമാൻഡ് അഡ്മിറൽ സാമുവൽ പാപരോ പറഞ്ഞിരുന്നു. മതിയായ ഒരു സൈനിക ഓപ്പറേഷൻ നടത്താനുള്ള സൈനിക ശക്തി ചൈന ആർജിക്കുമെന്നു തന്നെയാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.
അയൽ ദ്വീപായ തയ്‌വാൻ സ്വതന്ത്ര രാജ്യമാണെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ തയ്‌വാൻ തങ്ങളുടെ ഭാഗമാണെന്ന് ചൈനയും അവകാശപ്പെടുന്നു. 96 മുതൽ തിരഞ്ഞെടുപ്പ് നടത്തി സ്വന്തം സർക്കാരിനെ തയ്‌വാൻ തിരഞ്ഞെടുക്കാറുണ്ട്. തയ്‌വാനെ ഏറ്റവും അധികം പിന്തുണയ്ക്കുന്നത് യുഎസാണ്. ഔദ്യോഗികമായി നയതന്ത്രബന്ധമില്ലെങ്കിലും ആയുധങ്ങൾ നൽകുന്നത് അമേരിക്കയാണ്.