ഇന്റലിന്റെ മുൻ ഇന്ത്യൻ മേധാവി അവതാർ സൈനി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അതിവേഗമെത്തിയ കാർ ഇടിച്ചുവീഴ്ത്തി
Mail This Article
മുംബൈ∙ ചിപ് നിർമാതാക്കളായ ഇന്റലിന്റെ ഇന്ത്യൻ മുൻ മേധാവി അവതാർ സൈനി(68) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. നവി മുംബൈയിൽ ഇന്നലെ പുലർച്ചെ 5.50നായിരുന്നു അപകടം. പുലർച്ചെ സൈക്കിളിൽ വ്യായാമത്തിനുപോയ സൈനിയെ അതിവേഗത്തിൽ എത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
Read also: ‘സിദ്ധാർഥനു നേരെ ആൾക്കൂട്ട വിചാരണ നടന്നു; കസ്റ്റഡിയിലായത് സംഭവത്തിൽ നേരിട്ട് പങ്കുള്ളയാൾ’
നെരൂളിലെ പാം ബീച്ച് പരിസരത്ത് സുഹൃത്തുക്കളുമായി സൈക്കിൾ ചവിട്ടുന്നതിനിടെ വേഗത്തിൽ എത്തിയ കാർ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻപിലത്തെ ടയറിൽ സൈക്കിൾ കുടുങ്ങുകയും കുറച്ചുദൂരം വലിച്ചിഴച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിനു പിന്നാലെ കാർ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു കാറിന്റെ അടിയിൽ സൈക്കിൾ കുടുങ്ങിയത്. സൈനിക്ക് ഒപ്പമുണ്ടായിരുന്നവർ കാർ ഡ്രൈവറെ പിടിച്ചു പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്റൽ ഇന്ത്യ പ്രസിഡന്റ് ഗോകുൽ വി.സുബ്രഹ്മണ്യം മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിൽ ഇന്റലിന്റെ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ് അവതാർ. 1982 മുതൽ 2004 വരെ ഇന്റലിന്റെ ഭാഗമായിരുന്ന അവതാർ നിരവധി പ്രൊസസറുകൾ ഡിസൈൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്റൽ 386, 486 എന്നീ മൈക്രോപ്രൊസസറുകൾ നിർമിക്കുന്നതിൽ അവതാർ നിർണായക പങ്കുവഹിച്ചു. ഇന്റലിന്റെ പെന്റിയം എന്ന പ്രൊസസർ രൂപകൽപന ചെയ്യുന്നതിന് നേതൃത്വം വഹിച്ചതും അദ്ദേഹമാണ്.