പരോളിന് കോടതിയുടെ അനുമതി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി; ഗുർമീത് റാം റഹിമിന് തിരിച്ചടി
Mail This Article
ചണ്ഡീഗഡ്∙ കോടതിയുടെ അനുമതിയില്ലാതെ ബലാത്സംഗക്കേസ് പ്രതി ദേരാ സച്ചാ തലവൻ ഗുർമീത് റാം റഹിം സിങിന് പരോള്‍ അനുവദിക്കരുതെന്നു ഹരിയാന സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി. ഗുർമീത് റാം റഹിമിന് ഈ വർഷം ജനുവരിയിൽ 50 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. നാലുവർഷത്തിനിടെ ഗുർമീതിന് ലഭിക്കുന്ന ഒൻപതാമത്തെ പരോളാണ് ഇത്. മാർച്ച് 10നാണു പരോൾ കാലാവധി അവസാനിക്കുന്നത്. മാർച്ച് 10നു ഗുർമീത് തിരികെ ജയിലിൽ എത്തിയെന്നത് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. കൂടാതെ സമാനമായി എത്ര പ്രതികൾക്കു പരോൾ അനുവദിച്ചിട്ടുണ്ടെന്നും അതിന്റെ കണക്കുകൾ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
Read Also: ‘ഇന്ത്യയുടെ പരമാധികാരത്തിൽപെട്ട കാര്യം’: നിതാഷയെ തിരിച്ചയച്ചതിൽ പ്രതികരിച്ച് കേന്ദ്രം
2023 ജനുവരിയിൽ 40 ദിവസവും ജൂലൈയിൽ 30 ദിവസവും നവംബറിൽ 21 ദിവസവും ഗുർമീതിന് പരോൾ ലഭിച്ചിരുന്നു. 2023ൽ മൂന്നുതവണകളിലായി ആകെ 91 ദിവസത്തെ പരോളാണ് ഗുർമീതിന് ലഭിച്ചത്. സംസ്ഥാന, തദ്ദേശ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സമയത്താണു പൊതുവേ ഗുർമീതിന് പരോൾ അനുവദിക്കുന്നത്. പഞ്ചാബിലെ മാൽവ മേഖലയിൽ ഗുർമീതിന് സ്വാധീനമുണ്ട്. 2022 ഫെബ്രുവരിയിൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനു ദിവസങ്ങൾക്കു മുമ്പ് 21 ദിവസത്തെ പരോളും ജൂണിൽ ഹരിയാന മുൻസിപ്പിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ 30 ദിവസത്തെ പരോളും ഹരിയാന ആദംപുർ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് ഒക്ടോബറിൽ 40 ദിവസത്തെ പരോളും ഗുർമീതിന് ലഭിച്ചിരുന്നു. ആശ്രമ അന്തേവാസികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ തടവുശിക്ഷയാണ് ഗുർമീത് റാം റഹീമിന് കോടതി വിധിച്ചത്.