ഭാര്യയെ സാക്ഷിയാക്കിയത് ഉള്‍പ്പെടെ പാളി; പ്രോസിക്യൂഷന്റെ പൂർണ പരാജയം ചൂണ്ടിക്കാട്ടി വിധി
Mail This Article
കൊച്ചി ∙ പി.ജയരാജൻ വധശ്രമക്കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ പൂർണ പരാജയത്തിലേക്കാണ് ഹൈക്കോടതി വിധി വിരൽ ചൂണ്ടുന്നത്. സാക്ഷികളെ ഉൾപ്പെടുത്തിയതു മുതൽ തെളിവുകൾ ഹാജരാക്കുന്നതിലും എല്ലാം പ്രോസിക്യൂഷൻ പരാജയപ്പെടുകയായിരുന്നെന്ന് ജസ്റ്റിസ് പി.സോമരാജന്റെ വിധിയിൽ പറയുന്നു. മാത്രമല്ല, കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്തിന്റെ ശിക്ഷ 10 വർഷം തടവിൽ നിന്ന് കുറച്ച് 1 വർഷം തടവും ആറു ലക്ഷം രൂപ പിഴയുമാക്കി. ആർഎസ്എസ് ജില്ലാ കാര്യവാഹക് കടിച്ചേരി അജി, കൊയ്യോൻ മനോജ്, പാറ ശശി, ഇളംതോട്ടത്തിൽ മനോജ്, കുനിയിൽ ഷനൂബ്, ജയപ്രകാശൻ, കൊവ്വേരി പ്രമോദ്, തയ്ക്കണ്ടി മോഹനൻ എന്നിങ്ങനെ 8 പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.
Read Also: പി.ജയരാജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: രണ്ടാം പ്രതി ഒഴികെയുള്ളവരെ ഹൈക്കോടതി വെറുതേവിട്ടു
1999ലെ തിരുവോണ ദിവസമാണ് സിപിഎം നേതാവായ പി.ജയരാജൻ കുടുംബവീട്ടിൽ ആക്രമിക്കപ്പെടുന്നത്. തുടർന്ന് വിചാരണ കോടതി 5 പേരെ ശിക്ഷിക്കുകയും 3 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ശിക്ഷിക്കപ്പെട്ടതിനെതിരെ പ്രതികളും വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് പ്രോസിക്യൂഷൻ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടി കോടതി വിധി പറഞ്ഞത്.
കേസിൽ രണ്ടാം സാക്ഷിയായി ജയരാജന്റെ ഭാര്യയെ ഉൾപ്പെടുത്തിയത് പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാകാമെന്ന പ്രതിഭാഗം വാദം വിധിയിലുണ്ട്. ജയരാജനെതിരെ ആക്രമണം നടക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ആ വീട്ടിലുണ്ടായിരുന്നു എന്നു തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. രക്തം പുരണ്ട വസ്ത്രങ്ങളോ ഒന്നും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ല. മാത്രമല്ല, ഗുരുതരമായി പരുക്കേറ്റ ജയരാജനെ ആശുപത്രിയിലേക്കു കൊണ്ടുപോയപ്പോള്‍ ഭാര്യ അനുഗമിച്ചില്ല തുടങ്ങിയ കാര്യങ്ങളും കോടതി എടുത്തു പറയുന്നു. ജയരാജന്റെ വധശ്രമവുമായി ബന്ധപ്പെട്ട് സാക്ഷിയെ ഹാജരാക്കിയെങ്കിലും അവർ പറഞ്ഞ കാര്യങ്ങൾ തെളിയിക്കാനുള്ളതൊന്നും പ്രോസിക്യൂഷൻ ഹാജരാക്കിയില്ല എന്നാണ് കോടതി കണ്ടെത്തിയത്.
കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ മറ്റു സാക്ഷികളെ സംബന്ധിച്ചും കോടതി പരാമർശിക്കുന്നു. മൂന്നാം സാക്ഷിയായ അയൽക്കാരി ഒരുകൂട്ടം ആളുകൾ ആയുധങ്ങളുമായി വീട്ടിലേക്ക് വരുന്നത് കണ്ട് ഇക്കാര്യം പറയാൻ ഓടിയെത്തിയതാണ്. അവർ പുറത്താണ് നിന്നത് എന്നതിനാൽ വീടിനുള്ളിൽ നടന്നത് എന്താണെന്ന് അവർക്കറിയില്ല എന്ന് വിധിയില്‍ പറയുന്നു. മറ്റു രണ്ടു സാക്ഷികളും അയൽക്കാരാണ്. വടക്കോട്ട് തിരിഞ്ഞാണ് വീടുള്ളത്. സാക്ഷികൾ രണ്ടു പേരും വീടിനുള്ളിൽ പ്രവേശിച്ചത് വീടിന്റെ പിന്നിലൂടെ ആണെന്ന് പ്രോസിക്യൂഷൻ പറയുന്നു. അപ്പോൾ ഇത് തെക്കുഭാഗത്താകും. എന്നാൽ അവർ ജയരാജന്റെ വീടിന്റെ തെക്കുഭാഗത്ത് താമസിക്കുന്നവരാണെന്നോ അവർ പിൻവാതിലില്‍ കൂടിയാണോ അകത്തേക്ക് വന്നത് എന്നുള്ളതിനു െതളിവു ഹാജരാക്കാൻ പ്രോസ്ക്യൂഷന് കഴിഞ്ഞിട്ടില്ല എന്ന് കോടതി പറയുന്നു. ഒച്ചയും ബഹളവും കേട്ടാണ് അവർ പ്രതിയുടെ വീട്ടിലേക്ക് ഓടിയെത്തിയത്. എന്നാൽ അവർ എന്തെങ്കിലും കണ്ടു എന്നു പറയാൻ പറ്റില്ല. അതുകൊണ്ടു തന്നെ അവരുടെ െമാഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും അതിനാൽ അതിനെ ആശ്രയിക്കാൻ പറ്റില്ലെന്നും കോടതി പറയുന്നു.
ആക്രമണം നടക്കുമ്പോൾ ജയരാജന്റെ സഹോദരി വീട്ടിലുണ്ടായിരുന്നു എന്നതും സംശയാസ്പദമാണെന്ന് കോടതി പറയുന്നു. അവർ ധരിച്ചിരുന്ന വസ്ത്രം ഹാജരാക്കിയിട്ടില്ല. അവർക്ക് പരുക്കൊന്നും ഏറ്റിട്ടുമില്ല. അതുകൊണ്ടു തന്നെ അവരുടെ മൊഴിയിലും അവിശ്വസനീയതയുണ്ട്. മാത്രമല്ല. ജയരാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സുജിത്, സുദേവ്, സനോജ്, വിജേഷ്, ഷിജിൽ എന്നിവരെ പ്രോസിക്യൂഷൻ സാക്ഷിയാക്കുകയോ സാക്ഷികളായി വിസ്തരിക്കുകയോ ചെയ്തിട്ടില്ല. ഇതെന്തു കൊണ്ടാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിട്ടില്ലെന്ന് വിധിന്യായത്തിൽ പറയുന്നു. ഇവർ ആക്രമണം കണ്ടോ, എന്തിനാണ് അവർ അവിടെ വന്നത് തുടങ്ങിയ കാര്യങ്ങളൊന്നും പ്രോസിക്യൂഷൻ രേഖപ്പെടുത്തിയിട്ടില്ല. ജയരാജന്റെ ഭാര്യയെ കെട്ടിച്ചമച്ച സാക്ഷിയായി ഉൾപ്പെടുത്തിയതു കൂടി പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ കേസ് സംശയത്തിന്റെ നിഴലിലാണെന്നും വിധിന്യായത്തില്‍ പറയുന്നു.
Read Also: ‘നീതി ലഭിച്ചില്ല’: വിധിക്കെതിരെ സംസ്ഥാനം അപ്പീൽ നൽകണമെന്ന് പി.ജയരാജൻ
വിധിന്യായത്തിൽ എടുത്തു പറയുന്ന മറ്റൊന്നുണ്ട്. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയരാജൻ നൽകിയ മൊഴി തെളിവായി ഉൾപ്പെടുത്തുകയോ പ്രോസിക്യൂഷൻ ഇത് ഹാജരാക്കുകയോ െചയ്തിട്ടില്ല. ജയരാജന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു എന്നും ഇത് രേഖാമൂലം തന്നെ സർട്ടിഫിക്കറ്റിലുണ്ടായിട്ടും അത് തെളിവായി എടുക്കാൻ പ്രോസിക്യൂഷൻ തയാറാകാഞ്ഞത് കേസിനെ കൂടുതൽ ദുർബലമാക്കി എന്ന് വിധി പറയുന്നു.
കോടതി ചൂണ്ടിക്കാട്ടുന്ന മറ്റൊന്ന് കേസിലെ പ്രഥമവിവര െമാഴി (എഫ്ഐഎസ്)യും എഫ്ഐആറും തമ്മിലുള്ള സമയ വ്യത്യാസമാണ് . 1999 ഓഗസ്റ്റ് 22ന് വൈകിട്ട് 5.15ന് ആക്രമണം ഉണ്ടായി ഒരു മണിക്കൂറിനകം പ്രഥമ വിവര െമാഴി രേഖപ്പെടുത്തി എന്നാണ് കാണിക്കുന്നത് എങ്കിലും ഇതും എഫ്ഐആറും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത് മൂന്നു ദിവസം കഴിഞ്ഞാണ്. മാത്രമല്ല, ജയരാജന്റെ ഭാര്യയുടേതാണ് പ്രഥമ വിവര മൊഴി എന്നതും ഇത് സംശയത്തിന്റെ നിഴലിലാക്കുന്നു എന്നു കോടതി പറയുന്നു.
ആക്രമണമുണ്ടായി 21 ദിവസം കഴിഞ്ഞിട്ടാണ് ജയരാജന്റെ മൊഴിയെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായത്. ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയെങ്കിലും ജയരാജന് ബോധമുണ്ടായിരുന്നു എന്നും എന്നിട്ടും എന്തുകൊണ്ടാണ് മൊഴി രേഖപ്പെടുത്താൻ 21 ദിവസം വൈകിയത് എന്ന് വ്യക്തമാകുന്നില്ലെന്നും വിധിയിൽ പറയുന്നു.
പ്രതികൾ ആരൊക്കെയെന്ന് ജയരാജൻ പറഞ്ഞെങ്കിലും അത് മറ്റു സാക്ഷിമൊഴികളുമായി ഒത്തു നോക്കേണ്ടതുണ്ട്. രണ്ടാം പ്രതിയുടെ െമാഴിയുടെ അടിസ്ഥാനത്തിൽ ആയുധങ്ങൾ കണ്ടെടുത്തു എന്നതു കൊണ്ട് മറ്റു പ്രതികൾ കുറ്റക്കാരെന്ന് പറയാൻ പറ്റില്ല. അതുകൊണ്ടു തന്നെ രണ്ടാം പ്രതി ഒഴിച്ചുള്ള മറ്റു പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കേണ്ടി വരും. ആയുധങ്ങള്‍ കണ്ടെടുത്ത ഈ മൊഴിയാണ് രണ്ടാം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്താൻ കാരണമായതും. എന്നാല്‍ ഇതേ ആയുധങ്ങള്‍ തന്നെയാണോ ആക്രമണത്തിന് ഉപയോഗിച്ചതെന്നടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. സാക്ഷികളാരും ഇത് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, ഈ ആയുധങ്ങളിൽ ജയരാജന്റെ രക്തഗ്രൂപ്പിൽപ്പെട്ട രക്തം പുരണ്ടിട്ടുണ്ട് എന്നതിനാല്‍ രണ്ടാം പ്രതിക്ക് ഒഴിയാൻ സാധ്യമല്ലെന്നും വ്യക്തമാക്കിയാണ് പ്രശാന്തിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.