മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയിപ്പിച്ച നടപടി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും
Mail This Article
കൊച്ചി∙ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. നേരത്തെ ഇതു ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. ജസ്റ്റിസുമാരായ അമിത് റാവൽ, സി.എസ് സുധ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേരള ബാങ്കിൽ ലയിപ്പിച്ച സഹകരണ റജിസ്ട്രാറുടെ ഉത്തരവ് ചോദ്യംചെയ്ത് യു.എ.ലത്തീഫ് എംഎൽഎ, പി.ടി.അജയ മോഹൻ, മലപ്പുറം ജില്ലയിലെ 93 പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാർ എന്നിവരായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ഹർജി 2023 ഒക്ടോബറിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയാണ് ഇന്ന് തള്ളിയത്.
ലയനത്തിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി നിയമാനുസൃതമാണന്ന് വിലയിരുത്തിയാണ് അന്ന് സിംഗിൾ ബെഞ്ച്, ജസ്റ്റിസ് പി.ഗോപിനാഥ് ഉത്തരവിട്ടത്. ഈ ഭേദഗതി അസാധുവാണെന്ന് പ്രഖ്യാപിക്കണമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. മലപ്പുറം ഒഴികെ മറ്റു ജില്ലാ ബാങ്കുകൾ പ്രമേയം പാസാക്കിയതോടെ സർക്കാർ 2021ൽ നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ജനുവരി 12ന് സഹകരണ സൊസൈറ്റി റജിസ്ട്രാർ ഭേദഗതി പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച് മലപ്പുറം ജില്ലാ ബാങ്കിന്റെ ലയനത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് എതിരാണെന്ന വാദം കോടതി അംഗീകരിച്ചിരുന്നില്ല.
പൊതുയോഗം ചേർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അനുകൂല പ്രമേയം പാസാക്കണമെന്ന കേന്ദ്ര ബാങ്കിങ് ഭേദഗതി നിയമത്തിന് വിരുദ്ധമാണ് സംസ്ഥാന നിയമമെന്നായിരുന്നു ഹർജിക്കാരുടെ വാദം. റിസർവ് ബാങ്കിന്റെ ലൈസൻസിൽ പ്രവർത്തിക്കുന്ന ബാങ്കിന് കേന്ദ്ര നിയമം ബാധകമാണെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ ബാങ്കിങ് കാര്യങ്ങൾക്ക് മാത്രമാണ് കേന്ദ്രനിയമം ബാധകമെന്നും സഹകരണസംഘങ്ങളുടെ ലയനത്തിന് സംസ്ഥാന നിയമം പാലിക്കണമെന്നും അന്ന് കോടതി വിലയിരുത്തിയിരുന്നു.