കടയുടെ ബോർഡുകൾ കന്നഡയിൽ: നിയമം നടപ്പാക്കാൻ രണ്ടാഴ്ച കൂടി സമയം അനുവദിച്ച് കർണാടക സർക്കാർ
Mail This Article
ബെംഗളുരു∙ കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകൾ കന്നഡയിലാക്കണമെന്ന കർണാടക സർക്കാരിന്റെ നിയമം നടപ്പാക്കാൻ രണ്ടാഴ്ച കൂടി സമയം അനുവദിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന നിയമം കച്ചവടക്കാർ നിർബന്ധമായും അനുസരിക്കമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബോർഡുകൾ കന്നഡയിലാക്കാൻ സമയമെടുക്കും എന്ന കാര്യം പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സമയം അനുവദിച്ചിരിക്കുന്നത്. മാതൃഭാഷയ്ക്കു പ്രധാന്യം നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണു കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകളിൽ 60% കന്നഡയായിരിക്കണമെന്ന നിർദേശം സർക്കാർ മുന്നോട്ടുവച്ചത്.
നിയമം പാലിക്കാൻ തയാറാകാത്ത കച്ചവടക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നു ബെംഗളൂരു മഹാനഗര പാലികെ ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പിഴയും ലൈസൻസ് റദ്ദാക്കുന്നതും ഉൾപ്പടെയുള്ള നടപടികളായിരിക്കും സ്വീകരിക്കുക.
Read More: ‘ഭാഷ’ പുകയുന്ന മണ്ണ്; രക്തം കൊണ്ട് കത്തെഴുതി ഗൗഡ; കോൺഗ്രസ് ആരെ പിണക്കും?
2024–ൽ കന്നഡ ഭാഷാ സമഗ്ര വികസന (ഭേദഗതി) ബിൽ സിദ്ധരാമയ്യ സർക്കാർ കൊണ്ടുവന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ബോർഡുകളിൽ അറുപതുശതമാനം കന്നഡ വേണമെന്ന നിബന്ധന സർക്കാർ കൊണ്ടുവന്നത്. കർണാടകയിൽ ജീവിക്കുന്നവർ കന്നഡ പഠിക്കണമെന്നും കന്നഡയിൽ സംസാരിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരിക്കൽ പറഞ്ഞിരുന്നു.