ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുധാകരൻ; അന്തിമ തീരുമാനം കേന്ദ്രത്തിന്റേത്
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എഐസിസി സ്ക്രീനിങ് കമ്മിറ്റിയോഗത്തിൽ അറിയിച്ചതായി സൂചന. സ്ക്രീനിങ് കമ്മിറ്റി തീരുമാനങ്ങൾ ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചർച്ച ചെയ്യും. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു സുധാകരൻ മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ളതിനാൽ മത്സരിക്കാനില്ലെന്നും യോഗത്തെ അറിയിച്ചു.
Read also: മോദി ദക്ഷിണേന്ത്യയിലേക്ക്?: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്; എഴുപതോളം മണ്ഡലങ്ങളിൽ പുതുമുഖങ്ങൾ
കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടേയെന്ന വികാരമാണു യോഗത്തിലുണ്ടായത്. കേന്ദ്രം നിർദേശിച്ചാൽ കെ.സുധാകരൻ തീരുമാനം മാറ്റിയേക്കും. സിപിഎം സ്ഥാനാർഥിയായി എം.വി.ജയരാജൻ മത്സരിക്കുന്നതിനാൽ കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. കെ.സുധാകരൻ മത്സരിച്ചിട്ടില്ലെങ്കിൽ നിലവിലെ സാധ്യതാപട്ടികയിലും മാറ്റങ്ങളുണ്ടാകും. സുധാകരൻ മത്സരിച്ചില്ലെങ്കിൽ പകരം കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്തിനെ സ്ഥാനാർഥിയായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സ്ഥിരീകരണം ആയിട്ടില്ല.
ഹരീഷ് ചൗധരിയാണ് സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ. ജിഗ്നേഷ് മേവാനി അംഗമാണ്. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കേരളത്തിലെ വിവിധ സീറ്റുകളെക്കുറിച്ചുള്ള സ്ക്രീനിങ് കമ്മിറ്റി നിർദേശം തിരഞ്ഞെടുപ്പ് അതോറിറ്റി യോഗത്തിൽ അറിയിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു. ചർച്ച പുരോഗമിക്കുന്നു. സ്ഥാനാർഥികളെ സംബന്ധിച്ച് എത്രയും വേഗം തീരുമാനമുണ്ടാകും.
യുഡിഎഫിൽ ചർച്ച പൂർത്തിയായി. കോൺഗ്രസിനു സ്ക്രീനിങ് കമ്മിറ്റി ചേർന്നു നിർദേശം നൽകേണ്ടതുണ്ട്. കാലതാമസം ഉണ്ടാകാതിരിക്കാനാണു സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ ഡൽഹിയിൽനിന്നു കേരളത്തിലെത്തിയത്. വേഗത്തിലാണു നടപടികൾ പൂർത്തിയാക്കുന്നത്. അടുത്ത മാസം ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും. കെപിസിസി പ്രസിഡന്റ് മത്സരിക്കില്ല എന്ന പ്രചാരണത്തെ സംബന്ധിച്ചു മാധ്യമങ്ങളോടു പ്രതികരണത്തിനില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.