ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029ൽ?; ഭരണഘടന ഭേദഗതിക്കായി നിയമ കമ്മിഷൻ ശുപാർശ ചെയ്യും
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നില്‍ക്കെ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന സമ്പ്രദായത്തിലേക്ക് മാറാൻ ഭരണഘടന ഭേദഗതിക്കായി നിയമ കമ്മിഷന്‍ ശുപാര്‍ശ ചെയ്യും. 2029ലെ പൊതു തിരഞ്ഞെടുപ്പിന് ഒപ്പം ലോക്‌സഭാ, സംസ്ഥാന നിയമസഭകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുക എന്ന നിലയിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതിനായി ഭരണഘടനയില്‍ പുതിയ അധ്യായമോ പുതിയ ഭാഗമോ കൂട്ടിച്ചേര്‍ക്കുന്ന നിലയിലുള്ള ഭേദഗതിയാണ് റിട്ട.ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ കീഴിലുള്ള നിയമ കമ്മിഷന്‍ മുന്നോട്ടുവയ്ക്കുന്നതെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒരേസമയം തിരഞ്ഞെടുപ്പ്, ലോക്‌സഭാ, സംസ്ഥാന നിയമസഭകൾ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവയുടെ പൊതു വോട്ടർ പട്ടിക എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണു ഭരണഘടനയുടെ പുതിയ അധ്യായത്തിൽ ഉൾപ്പെടുത്തുക. ഒന്നിച്ചു തിരഞ്ഞെടുപ്പ് നടക്കുകയും എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ സർക്കാരുകള്‍ക്കാകാതെ വരുകയും ചെയ്താൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുള്ള ഒരു ഏകീകൃത സർക്കാർ രൂപീകരിക്കാനായിരിക്കും ശ്രമിക്കുക. ഏകീകൃത സർക്കാർ ഫോർമുല പ്രവർത്തിക്കുന്നില്ലെങ്കിൽ, സഭയുടെ ശേഷിക്കുന്ന കാലയളവിലേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്തുക എന്നിങ്ങനെയുള്ള വിഷയങ്ങളും നിയമ കമ്മിഷന്റെ ശുപാര്‍ശയില്‍ ഉള്‍പ്പെട്ടേക്കും.
നിയമ കമ്മിഷനു പുറമെ മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല സമിതിയും ഇതേ വിഷയത്തിൽ പഠനം നടത്തുകയാണ്.