‘നീതി ലഭിച്ചില്ല’: വിധിക്കെതിരെ സംസ്ഥാനം അപ്പീൽ നൽകണമെന്ന് പി.ജയരാജൻ
Mail This Article
കണ്ണൂർ∙ തന്നെ വധിക്കാൻ ശ്രമിച്ച കേസിൽ എട്ടുപ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതിൽ പ്രതികരണവുമായി സിപിഎം നേതാവ് പി.ജയരാജൻ. വിധിക്കെതിരെ സംസ്ഥാനം അപ്പീൽ നൽകണമെന്ന് അഭ്യർഥിക്കുകയാണെന്നും അക്രമത്തിന്റെ ഇരയെന്ന നിലയ്ക്കു സുപ്രീംകോടതിയിൽ ഹർജി നൽകുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും പി.ജയരാജൻ പറഞ്ഞു.
Read Also: പി.ജയരാജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: രണ്ടാം പ്രതി ഒഴികെയുള്ളവരെ ഹൈക്കോടതി വെറുതേവിട്ടു
‘‘1999 ഓഗസ്റ്റ് 25 തിരുവോണദിവസമാണ് ആർഎസ്എസുകാർ എന്നെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ആ കേസിൽ വിചാരണക്കോടതി കഠിനതടവിനു പ്രതികളെ ശിക്ഷിച്ചു. മൂന്നുപേരെ വിട്ടയച്ചു. മൂന്നുപേരെ വിട്ടയച്ചതിന് എതിരായ പ്രോസിക്യൂഷന്റെ അപ്പീൽ, പ്രതികളുടെ അപ്പീൽ എന്നിവ പരിഗണിച്ച് അതിന്റെ അടിസ്ഥാനത്തിലുള്ള വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. അക്രമത്തിന്റെ ഇരയെന്ന നിലയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്ന തോന്നലാണ് ഉണ്ടായിരിക്കുന്നത്’’– പി.ജയരാജൻ പറഞ്ഞു. സമാധാന അന്തരീക്ഷത്തിനു ഭംഗം വരുത്തുന്ന യാതൊരു കാര്യവും വിധിയെ തുടർന്ന് ഉണ്ടാവരുതെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.
പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളെ വെറുതെവിട്ടത്. രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെയാണു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എന്നാൽ പ്രശാന്തിന്റെ ശിക്ഷ ഇളവു ചെയ്തു. 10 വർഷം കഠിന തടവെന്ന വിചാരണക്കോടതിയുടെ ശിക്ഷ ഒരു വർഷത്തെ വെറും തടവാക്കി കുറച്ചു. ജസ്റ്റിസ് സോമരാജന്റെ കോടതിയാണ് വിധി പ്രസ്താവിച്ചത്. 1999ലെ തിരുവോണ നാളിൽ പി. ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കേസ്.