ADVERTISEMENT

കൽപറ്റ∙ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ എസ്എഫ്ഐ നേതാക്കളുൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായതിനു പിന്നാലെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെതിരെ കോളജിൽ പരാതി. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഈ മാസം 18നാണ് കോളജിൽ പരാതി നൽകിയത്.

പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് പരാതി. 14നു കോളജിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോളജിൽ പരാതി നൽകിയത്. 19നു കോളജിൽ ലഭിച്ച പരാതി 20നാണ് കോളജ് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്ക് (ഐസിസി) കൈമാറുന്നത്. സിദ്ധാർഥൻ മരിച്ചിട്ടും കമ്മിറ്റി യോഗം ചേർന്ന് പരാതി പരിശോധിച്ചു. ആരോപണവിധേയൻ മരിച്ചതിനാൽ നോട്ടിസ് നൽകാൻ സാധിച്ചിട്ടില്ലെന്നാണ് ഐസിസിയുടെ ഇൻക്വയറി റിപ്പോർട്ടിൽ പറയുന്നത്. 

Read also: 'സിദ്ധാര്‍ഥന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍, കൊന്നവരെ പിടിക്കണം'- വീടിനു മുന്നില്‍ ഫ്ലക്സ് വച്ച് സിപിഎം

ഈ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ സിദ്ധാർഥിനെ കണ്ടെത്തിയത്. ഫെബ്രുവരി 14ന്,  കോളജിലെ പരിപാടിക്കിടെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരിൽ സിദ്ധാർഥനെ ഗ്രൗണ്ടിൽ സീനിയർ വിദ്യാർഥികൾ സംഘം ചേർന്നു ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് വിദ്യാർഥികൾ പറയുന്നത്. 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി നേരിട്ടതായി ഈ വിദ്യാർഥി പറയുന്നു.

സിദ്ധാർഥന്റെ മരണത്തിൽ ഇതുവരെ പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെറ്ററിനറി കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. സിദ്ധാർഥനെ മർദിച്ചതിൽ ഇരുപതോളം പേർ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും അന്വേഷണസംഘം അറിയിച്ചു.

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു തിരുവനന്തപുരത്ത് നടത്തിയ മാർച്ച്. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു തിരുവനന്തപുരത്ത് നടത്തിയ മാർച്ച്. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

കൽപറ്റ ഡിവൈഎസ്പി ടി.എൻ.സജീവന്റെ നേതൃത്വത്തിൽ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി മേൽനോട്ടം വഹിക്കും. ഒരുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യം. പ്രതിപട്ടികയിലുള്ള 18 വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു.

സിദ്ധാർഥന്റെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ എസ്എഫ്ഐക്കാരെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കെഎസ്‌യു സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. വെറ്ററിനറി കോളജിലേക്ക് പ്രതിഷേധവുമായി ബിജെപിയും യൂത്ത് കോൺഗ്രസും മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

English Summary:

Complaint against JS Siddharth After his death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com