'സിദ്ധാര്ഥന് എസ്എഫ്ഐ പ്രവര്ത്തകന്, കൊന്നവരെ പിടിക്കണം'- വീടിനു മുന്നില്‍ ഫ്ലക്സ് വച്ച് സിപിഎം
Mail This Article
തിരുവനന്തപുരം∙ എസ്എഫ്ഐ പ്രവർത്തകരുടെ മര്‍ദനത്തെ തുടര്‍ന്നു ജീവനൊടുക്കേണ്ടി വന്ന പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ വീടിനു മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് ഡിവൈഎഫ്ഐയും സിപിഎമ്മും. എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണു ഫ്ലക്സ് ബോർഡിലെ ആവശ്യം. സിദ്ധാർഥന്റെ മരണത്തിൽ കോളജ് യൂണിയൻ പ്രസിഡന്റ് അടക്കമുള്ള എസ്എഫ്ഐ പ്രവർത്തകരാണു പൊലീസ് പിടിയിലായത്. സിദ്ധാർഥ് എസ്എഫ്ഐ പ്രവർത്തകൻ ആയിരുന്നില്ലെന്നു കുടുംബം പറഞ്ഞു.
Read Also: സിദ്ധാർഥന്റെ മരണത്തിൽ ആറുപേർക്കു കൂടി സസ്പെൻഷൻ; ആദ്യം അറസ്റ്റിലായവർക്കെതിരെ നടപടി
‘‘വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ സിദ്ധാർഥന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ക്രിമിനലുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും കൃത്യമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം’’–ഫ്ലക്സ് ബോർഡിൽ പറയുന്നതിങ്ങനെ. സിപിഎം പതിനൊന്നാം കല്ല് യൂണിറ്റും ഡിവൈഎഫ്ഐ യൂണിറ്റുമാണ് ബോർഡ് സ്ഥാപിച്ചത്. ഫെബ്രുവരി 18നാണു സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥന് ക്രൂരമായി മർദനമേറ്റെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മർദനമേറ്റതായി പറയുന്നുണ്ട്.